മലപ്പുറം :- വാൽപ്പാറ ചുരത്തിലെ കൊടുംവളവിൽ നിയന്ത്രണം വിട്ട ട്രാവലർ താഴ്ചയിലേക്ക് മറിഞ്ഞ് 9 പേരുടെ ജീവന്‍ നഷ്ടമായ അപകടത്തില്‍ പാങ്ങ് സ്വദേശികളായ അധ്യാപകനും ഭാര്യയും മരിച്ചു. പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി സ്കൂൾ അധ്യാപകൻ കാരാരിത്തൊടി മജീദ് മാസ്റ്റർ, ഭാര്യ റുഖിയ എന്നിവരാണ് അപകടത്തിൽ മരിച്ചത്. യാത്രകളെ പ്രണയിച്ച മജീദ് മാസ്റ്റർക്ക് ലോകം കാണാൻ കണ്ണായിരുന്ന ഭാര്യയും ഒപ്പം അന്ത്യയാത്രയായത് നാടിനെ നടുക്കുന്ന നോവായി മാറി.
മധ്യവേനലവധി ആഘോഷിക്കാൻ സഹപ്രവർത്തകർക്കും ബന്ധുക്കൾക്കുമൊപ്പം വെള്ളിയാഴ്ച പുലർച്ചെയാണ് ഇവർ യാത്ര തിരിച്ചത്. ചാലക്കുടി അതിരപ്പള്ളി വഴി വാൽപ്പാറ സന്ദർശിച്ച്, പൊള്ളാച്ചി വഴി മടങ്ങുന്നതിനിടെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം. പൊള്ളാച്ചി, വാൽപ്പാറ റോഡിലെ 13ാം ഹെയർപിൻ വളവിൽ വെച്ച് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ട്രാവലർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ വാഹനം പൂർണ്ണമായും തകർന്നു.
ജന്മനാ കാഴ്ചപരിമിതിയുള്ള വ്യക്തിയായിരുന്നു മജീദ് മാസ്റ്റർ. എങ്കിലും പരിമിതികളെ തോൽപ്പിച്ച് യാത്രകളെ സ്നേഹിച്ച അദ്ദേഹത്തിന്റെ കൈപിടിച്ച് എന്നും കൂടെയുണ്ടായിരുന്നത് ഭാര്യ് റുഖിയയായിരുന്നു. സ്കൂളിലെയും നാട്ടിലെയും ഏത് യാത്രകളിലും ഇരുവരും ഒരുമിച്ചായിരുന്നു. അടുത്തിടെയായിരുന്നു ഇവർ് പുതിയ വീട്ടിലേക്ക് താമസം മാറിയത്. ആ സന്തോഷങ്ങൾക്കിടയിലാണ് വിധി ദുരന്തത്തിന്റെ രൂപത്തിലെത്തിയത്.
മീനാർകുഴി സ്കൂളിൽ ഔദ്യോഗിക ജീവിതം തുടങ്ങിയ മജീദ് മാസ്റ്റർ പാങ്ങ് ജി.എൽ.സി സ്കൂളിലെ പ്രിയങ്കരനായ അധ്യാപകനായിരുന്നു. ക്ലാസ് മുറികളിൽ പാട്ടുകൾ പാടിയും, കഥകൾ പറഞ്ഞും കുട്ടികളെ കൈയിലെടുക്കുന്ന അദ്ദേഹത്തിന്റെ അധ്യാപന ശൈലി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അപകടവിവരമറിഞ്ഞ് പാങ്ങ് ഗ്രാമം ഒന്നടങ്കം കണ്ണീരിലാണ്. നടപടികൾക്ക് ശേഷം നാട്ടിലെത്തിച്ച് ഖബറടക്കം നടത്തും.
