തിരുവനന്തപുരം :- നിയമസഭാ തെരഞ്ഞെടുപ്പ് നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനുമായി വിവിധ വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയ എട്ട് അംഗ സംഘം തലസ്ഥാന നഗരമായ തിരുവനന്തപുരത്തെത്തി. ജില്ലയിലെ പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങൾ സംഘം സന്ദർശിച്ചു. വഴുതയ്ക്കാട് കോട്ടൺഹിൽ ജി.എച്ച്.എസ് സ്കൂളിൽ ക്രമീകരിച്ച നേമം മണ്ഡലത്തിലെ വിതരണ കേന്ദ്രത്തിൽ എത്തിയ സംഘം സ്ഥിതിഗതികൾ വിലയിരുത്തി. പോളിംഗ് സാമഗ്രി വിതരണ കേന്ദ്രങ്ങൾക്ക് പുറമേ കൺട്രോൾ റൂമുകളും സംഘം സന്ദർശിച്ചു.
ഇന്റർനാഷണൽ ഇലക്ഷൻ വിസിറ്റേഴ്സ് പ്രോഗ്രാമിന്റെ (IEVP) ഭാഗമായിട്ടാണ് വിവിധ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് മാനേജ്മെന്റ് ബോഡികളിൽ നിന്നുള്ള പ്രതിനിധികൾ തലസ്ഥാനത്ത് എത്തിയത്. സിയേറലിയോണിൽ നിന്നുള്ള ജിബ്രില്ല മു റെ ജുസു, അബൂബക്കർ മഹ് മൗദ് കൊറോമ, സമോവയിൽ നിന്നുള്ള ഷാലോൺ സോഫിയ ടൈം, നുമിയ ജൂനിയർ താവുവിയ, ബെൽജിയത്തിൽ നിന്നുള്ള സോയ് വാൻ ലാൻഡ്സ്കോട്ട്, സീഷെൽസിൽ നിന്നുള്ള ഹരിസോവ ലലതിയാന അക്കൂഷ, അൽബേനിയയിൽ നിന്നുള്ള ലെഡിയോ ബ്രാഹോ, എൽവിസ് സെഫ എന്നിവരാണ് വോട്ടെടുപ്പ് നിരീക്ഷിക്കാൻ എത്തിയ സംഘത്തിൽ ഉള്ളത്. വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ 9ന് തെരഞ്ഞെടുക്കപ്പെട്ട പോളിംഗ് സ്റ്റേഷനുകളിൽ സംഘം നേരിട്ടെത്തി വോട്ടെടുപ്പ് പ്രക്രിയകൾ നിരീക്ഷിക്കുമെന്നും ജില്ലാ കളക്ടർ അനു കുമാരി അറിയിച്ചു.
അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘം എറണാകുളം ജില്ലയിലും എത്തിയിട്ടുണ്ട്. എസ്.ആർ.വി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 2 പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രം സംഘം സന്ദർശിച്ചു. ഇൻ്റർനാഷ്‌ണൽ ഇലക്ഷൻ വിസിറ്റേഴ്സ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഇവരുടെയും സന്ദർശനം.
