പരസ്യ പ്രചാരണം ഫൈനൽ ലാപ്പിൽ ; റോഡ് ഷോകളുമായി സ്ഥാനാർഥികൾ, കൊട്ടിക്കലാശത്തിനൊരുങ്ങി മുന്നണികൾ


തിരുവനന്തപുരം :- സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചാരണം ഫൈനൽ ലാപ്പിൽ. ഇന്ന് വൈകുന്നേരം 6 മണി വരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം. റോഡ് ഷോകളുമായാണ് സ്ഥാനാർത്ഥികൾ പരസ്യപ്രചാരണത്തിന്റെ അവസാന ദിനത്തിൽ മണ്ഡലങ്ങളിൽ സജീവമായിരിക്കുന്നത്. കൊട്ടിക്കലാശത്തോടെയായിരിക്കും പരസ്യപ്രചാരണത്തിന് സമാപനമാകുക. റോഡ് ഷോയും അതോടനുബന്ധിച്ച് വിവിധ മണ്ഡലങ്ങളിലെ പ്രധാനയിടങ്ങളിൽ വിവിധ മുന്നണികളുടെ കൊട്ടിക്കലാശം നടക്കും. നാളെ നിശബ്ദ പ്രചരണമായിരിക്കും. മറ്റന്നാളാണ് കേരളം വിധിയെഴുതുന്ന വോട്ടെടുപ്പ് നടക്കുക. കൊട്ടിക്കലാശം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് പാർട്ടികൾ. തിരുവനന്തപുരത്തെ വട്ടിയൂർക്കാവ്, നേമം അടക്കമുള്ള മണ്ഡലങ്ങളിലും മറ്റിടങ്ങളിലും കൊട്ടിക്കലാശത്തിന്റെ ആവേശം നേരത്തെ തന്നെ തുടങ്ങി കഴിഞ്ഞു. ബാൻഡ് മേളവും ചെണ്ടമേളവും നിശ്ചല ദൃശ്യങ്ങളുമൊക്കെയായി കലാശക്കൊട്ട് പൂരമാക്കി മാറ്റുകയാണ് മുന്നണികൾ.

പ്രളയ വിവാദത്തിൽ സർക്കാരിനെതിരായ പ്രതിഷേധത്തിൻ്റെ ഭാഗമായി തിരുവല്ലയിൽ യുഡിഎഫിന്റെ കൊട്ടിക്കലാശം ഉണ്ടാകില്ല. ഇതിന് പകരം കുത്തിയിരുന്ന് പ്രതിഷേധിക്കാനാണ് തീരുമാനം. അതുപോലെ പുതുപ്പള്ളിയിലും കൊട്ടിക്കലാശം ഉണ്ടാകില്ലെന്നും അതിന്റെ പണം കൊണ്ട് ഒരു വീട് നിർമിച്ചു നൽകുമെന്നുമാണ് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ നേരത്തെ വ്യക്തമാക്കിയത്. 2.71 കോടി വോട്ടർമാരാണ് മറ്റന്നാൾ അടുത്ത അഞ്ചുവർഷം ആര് ഭരിക്കുമെന്നതിൻ് വിധിയെഴുതുക. വലിയ പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും. 95ശതമാനം പോസ്റ്റൽ വോട്ടുകൾ പൂർത്തിയായെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

മൂന്നാഴ്ച നീണ്ടുനിന്ന വലിയ പരസ്യ പ്രചാരണ കോലാഹലത്തിനാണ് ഇന്ന് സമാപനമാകുന്നത്. ഓരോ മണ്ഡലത്തിന്റെയും വിവിധ കേന്ദ്രങ്ങളിൽ ആവേശം വാനോളം ഉയർത്താൻ സ്ഥാനാർത്ഥികളും നേതാക്കളും അണികളുമെത്തും. ദേശീയ നേതാക്കൾ അവസാന നിമിഷം വരെ കേരളത്തിൽ നടത്തിയ പടയോട്ടമായിരുന്നു ഇത്തവണത്തെ പ്രത്യേകത. സുൽത്താൻ ബത്തേരിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഐസി ബാലകൃഷ്‌ണന് വോട്ടുതേടി പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ നടന്നു. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും എൻഡിഎയുടെയും പ്രധാന നേതാക്കളെല്ലാം തന്നെ കലാശക്കൊട്ടിന്റെ ഭാഗമാകും.

തെക്കൻ കേരളത്തിലെ മുന്നേറ്റത്തിലൂടെ ഭരണത്തുടർച്ച ഉറപ്പാക്കാനാകുമെന്നും വികസനം വോട്ടാകും എന്ന് എൽഡിഎഫ് പ്രതീക്ഷിക്കുമ്പോൾ, ശബരിമലയും ഭരണവിരുദ്ധ വികാരവും അധികാരത്തിലേക്ക് എത്തിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. ഇത്തവണ കറുത്ത കുതിരകളാകും എന്നാണ് ബിജെപിയുടെ കണക്ക് കൂട്ടൽ. വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും നിറഞ്ഞതായിരുന്നു വടക്കൻ കേരളത്തിലെ കഴിഞ്ഞ മൂന്നാഴ്‌ച കാലത്തെ പ്രചാരണ രംഗം. വയനാട് ദുരന്തബാധിതർക്കായുള്ള ഫണ്ടും പേരാമ്പ്രയിലെ അനൗൺസ്മെന്റ് വിവാദവും എല്ലാം അവസാന ദിനങ്ങളിൽ സജീവ ചർച്ചയായി. അടിത്തറ ഇളകില്ലെന്ന ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി. കോഴിക്കോടും പാലക്കാടും അടക്കമുള്ള ജില്ലകളിൽ വലിയ മുന്നേറ്റം നടത്താൻ ആകുമെന്ന വിശ്വാസത്തിലാണ് യുഡിഎഫ്. അതേസമയം ഇക്കുറിയെങ്കിലും വടക്ക് അക്കൗണ്ട് തുറക്കാൻ ആകുമെന്ന പ്രതീക്ഷയിൽ കലാശക്കൊട്ടിന് ഇറങ്ങുകയാണ് എൻഡിഎ.

പരസ്യപ്രചാരണത്തിന്റെ അവസാന ദിവസവും നേതാക്കൾ തമ്മിലുള്ള വാക്ക്പോര് കത്തിക്കയറുകയാണ്. രേവന്ത് റെഡ്ഡിയുടെ പോ മോനെ വിജയാ പരാമർശത്തിന് മറുപടിയുമായി പിണറായി വിജയൻ ഇന്ന് രംഗത്തെത്തിയിരുന്നു. ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ടെന്നായിരുന്നു പിണറായിയുടെ മറുപടി. അതേസമയം, തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും നുണ പറഞ്ഞ നേതാവ് പിണറായി ആണെന്ന് വിഡി സതീശൻ പറഞ്ഞു. ബിജെപിയെ പൂട്ടുമെന്ന് പറയുന്നവർക്ക് അഹങ്കാരമെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ഇതിനിടെ, വോട്ടർമാരെ സിപിഎം, എസ്‌ഡിപിഐ സംഘം ഭീഷണിപ്പെടുത്തുന്നു എന്ന പരാതിയുമായി ജി സുധാകരൻ ഹൈക്കോടതിയിൽ ഹർജി നൽകി

Previous Post Next Post