മലപ്പുറം :- മലപ്പുറം ജില്ലയിൽ വേനൽചൂട് കടുക്കുന്നതിനിടെ കരിപ്പൂർ കുമ്മിണിപറമ്പിൽ യുവാവിന് സൂര്യാതപമേറ്റു. മേലെ മംഗലത്തു അഖിലിനാണ് ജോലിസ്ഥലത്ത് വെച്ച് പൊള്ളലേറ്റത്. മരപ്പണിയിൽ ഏർപ്പെട്ടിരിക്കെ ശരീരത്തിൽ പെട്ടെന്ന് അസഹ്യമായ നീറ്റൽ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വയറിൽ പൊള്ളലേറ്റ പാടുകൾ കണ്ടെത്തിയത്.
ഉടൻ തന്നെ അഖിലിനെ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അഖിൽ നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് താപനില ഉയരുന്ന സാഹചര്യത്തിൽ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. നിർമ്മാണ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ കർശന ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
