ന്യൂഡൽഹി :- സമൂഹമാധ്യമങ്ങളിൽ വാർത്തകളും സമകാലിക സംഭവങ്ങളും പങ്കുവയ്ക്കുന്ന സാധാരണ ഉപയോക്താക്കൾക്കും ഇൻഫ്ലുവൻസർമാർക്കും മേൽകേന്ദ്രം നിയന്ത്രണം കടുപ്പിക്കാനൊരുങ്ങുന്നു. ഡിജിറ്റൽ ന്യൂസ് പ്രസാധകർക്കുള്ള വ്യവസ്ഥകൾ ഇവർക്കും ബാധകമാക്കാൻ കരടുവിജ്‌ഞാപനം പ്രസിദ്ധീകരിച്ചു. 2021 ലെ ഐടി ചട്ടത്തിലാണ് ഭേദഗതി വരുത്തുന്ന ഡിജിറ്റൽ മാധ്യമ സ്ഥാപനങ്ങൾക്ക് ബാധകമായ പരാതിപരിഹാര സംവിധാനവും തുടർനടപടികളും ഇവരും നേരിടേണ്ടി വരും.
പ്രശ്നമുള്ള ഉള്ളടക്കം ഐടി നിയമം അനുസരിച്ച് നീക്കം ചെയ്യാൻ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന് (എംഐബി) ഉത്തരവിടാം. വേണമെങ്കിൽ ക്ഷമാപണം ആവശ്യപ്പെടാനും കഴിയും. ഇത്തരം ഉപയോക്താക്കളെ പ്രസാധകരായി നിയമപരമായി പരിഗണിച്ചിട്ടില്ലെങ്കിലും പ്രസാധകർക്കു ബാധകമായ നിയന്ത്രണങ്ങൾ വരും. വാർത്താ ഉള്ളടക്കം പങ്കുവയ്ക്കുന്ന സ്വതന്ത്ര യൂട്യൂബ് ചാനലുകൾക്കു പുറമേ സമുഹമാധ്യമങ്ങളടക്കമുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്കും ചട്ടം ബാധകമാകും. ഒരു സമൂഹമാധ്യമ ഉപയോക്താവ് പോസ്‌റ്റ് ചെയ്യുന്ന വാർത്ത/ഉള്ളടക്കത്തെക്കുറിച്ചു പരാതി ലഭിച്ചാൽ, ഐടി ചട്ടമനുസരിച്ച് രൂപീകരിച്ച ഇൻ്റർഡിപാർട്‌മെന്റൽ കമ്മിറ്റിക്ക് പരിശോധിക്കാനും സർക്കാരിനോടു നടപടി ശുപാർശ ചെയ്യാനും കഴിയും.
ഉള്ളടക്കം നീക്കം ചെയ്യുക, ഉള്ളടക്കത്തിനൊപ്പം അറിയിപ്പു നൽകുക തുടങ്ങിയ നടപടികൾ ശുപാർശ ചെയ്യാം. നിശ്ചിത ഉള്ളടക്കം മാത്രമേ നീക്കാനാവൂ, അക്കൗണ്ട് മുഴുവനായി നീക്കാനാവില്ല. അടിയന്തര സാഹചര്യങ്ങളിൽ കമ്മിറ്റിയുടെ പരിഗണന കൂടാതെ തന്നെ പ്രത്യേക അധികാരം ഉപയോഗിച്ച് ഉള്ളടക്കം നീക്കം ചെയ്യാൻ ഉത്തരവിടാം. 'ഐടി നിയമത്തിലെ 69 എ വകുപ്പ് ഉപയോഗിച്ചായിരിക്കും ഈ നടപടി. നീക്കം ചെയ്യുന്ന ഉള്ളടക്കം സംബന്ധിച്ച വിവരങ്ങൾ 180 ദിവസത്തേക്ക് കമ്പനികൾ സൂക്ഷിച്ചുവയ്ക്കണമെന്നാണ് നിലവിലെ ചട്ടം.
