ആലപ്പുഴ :- പൂന്തോപ്പ് പള്ളിയിലെ സെമിത്തേരിയിൽ അതിക്രമിച്ചുകയറി ലഹരിവസ്തുക്കൾ ഉപയോഗിക്കുകയും റീൽസ് ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്‌ത കേസിൽ നാലാമനും അറസ്റ്റിൽ. ആലപ്പുഴ വലിയമരം വാർഡിൽ അപ്പു മൻസിലിൽ നെഹർഷാദിനെയാണ് (20) നോർത്ത് പൊലീസ് പിടികൂടിയത്. എസ്എച്ച്ഒ അരുൺ എം ജെയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ അറസ്റ്റ് ചെയ് പ്രതിയെ കോടതിയിൽ ഹാജരാക്കി. കേസുമായി ബന്ധപ്പെട്ട് മറ്റ് മൂന്നുപേർ നിലവിൽ റിമാൻഡിലാണ്. ഇതോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായി.
പള്ളി അധികാരികളുടെ പരാതിയിൽ നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് സിസിടിവി ക്യാമറകൾ ഉൾപ്പെടെ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ലഹരിമരുന്നുകൾ ഉപയോഗിച്ചശേഷം സമൂഹമാധ്യമങ്ങളിലൂടെ വീരപരിവേഷം നേടാനായി പള്ളി സെമിത്തേരിയിൽ അതിക്രമിച്ചുകയറി യുവാക്കളുടെ സംഘം റീൽസ് ചെയ്യുകയായിരുന്നു. കറുത്ത വസ്ത്രങ്ങൾ അണിഞ്ഞ് സെമിത്തേരിയിലെ കുരിശിൽ തലകീഴായി കിടന്നായിരുന്നു റീൽസ് ചിത്രീകരണം. സംഭവത്തിൽ സഞ്ചയ് സത്യൻ (18), സച്ചിൻ സത്യൻ (18), അൻസിൽ (18) എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
