വയനാട് :- ഗൂഡല്ലൂരിനടുത്ത് വനത്തിൽ കാണാതായ സ്ത്രീയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പൈക്കാര അനുപുറം സ്വദേശി പാർവ്വതി (58)യാണ് മരിച്ചത്. വീടിനടുത്തുനിന്ന് രണ്ടുകിലോമീറ്റർ അകലെ ഉൾവനത്തിലായി ചിതറിയനിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇക്കഴിഞ്ഞ പതിനൊന്നാം തീയതി പകൽ കുടുംബകലഹത്തെത്തുടർന്ന് വീടുവിട്ടിറങ്ങിയതായിരുന്നു പാർവ്വതിയെന്ന് പറയുന്നു. ബന്ധുവീട്ടിലേക്കായിരിക്കും പോയിരിക്കുകയെന്ന നിഗമനത്തിൽ വീട്ടുകാർ മതിയായ അന്വേഷണം നടത്തിയിട്ടുണ്ടായിരുന്നില്ല. എന്നാൽ പിന്നീടാണ് ബന്ധുവീട്ടിൽ എവിടെയും എത്തിയിട്ടില്ലെന്ന് അറിഞ്ഞത്. പരിഭ്രാന്തരായ ബന്ധുക്കൾ ജനപ്രതിനിധികളുടെയും മറ്റും സഹായം തേടി ബുധനാഴ്‌ച പൊലീസിനെയും വനംവകുപ്പിനെയും വിവരമറിയിച്ചു.
തുടർന്ന് പൈക്കാര ഫോറസ്റ്റ് റെയ്ഞ്ചർ മഞ്ജുഹാസിനിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഇവരുടെ വീടിന് സമീപത്തെ തേയിലത്തോട്ടത്തിൽ വന്യജീവിയുടെ കാൽപ്പാടുകൾ കണ്ടെത്തി. തുടർന്നുള്ള തിരച്ചിലിനായി ആൻ്റി നക്സൽ സ്ക്വാഡിനെയാണ് ചുമതലപ്പെടുത്തിയത്. ഈ സംഘം നടത്തിയ പരിശോധനയിലാണ് ഉൾവനത്തിൽ കർപ്പാകം റിസർവ് വനഭാഗത്ത് പാർവതിയുടെ മൃതദേഹഭാഗങ്ങൾ കണ്ടെത്തിയത്. പൊലീസ് എത്തി ഇൻക്വാസ്റ്റ് നടത്തിയതിന് ശേഷം ഊട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് പാർവതി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തും. വീട്ടമ്മ വീടുവിട്ടിറങ്ങാനുണ്ടായ സാഹചര്യങ്ങൾ അന്വേഷിച്ചേക്കും. കൊല്ലപ്പെട്ട പാർവ്വതിയുടെ ബന്ധുക്കൾ പരാതി നൽകിയാൽ സ്ത്രീ വീടുവിട്ടിറങ്ങാൻ കാരണക്കാരായവരെ അടക്കം പൊലീസ് ചോദ്യം ചെയ്യും.
