‘ടാപ്കോസി’നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം അപലപനീയം - CPIM


തളിപ്പറമ്പ് :- തളിപ്പറമ്പിലെ ചെത്ത് തൊഴിലാളികളുടെ കൂട്ടായ്മയിൽ പ്രവർത്തിക്കുന്ന ‘ടാപ്കോസി’നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം അപലപനീയമാണെന്ന് സിപിഐ എം ഏരിയാ സെക്രട്ടറി കെ.സന്തോഷ് പ്രസ്താവനയിലൂടെ പറഞ്ഞു. 'തീർത്തും സുതാര്യമായി പ്രവർത്തിക്കുന്ന ഇ‍ൗ സഹകരണസ്ഥാപനത്തിനെതിരെ യുഡിഎഫ് സ്ഥാനാർഥി വ്യാജ പരാതികൾ നൽകി വേട്ടയാടാൻ ശ്രമിക്കുകയാണ്‌. വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമിക്കുന്നുവെന്ന കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലിന്റെ വാക്കുകൾ ഏറ്റുപാടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്‌ യുഡിഎഫ് സ്ഥാനാർഥി ശ്രമിക്കുന്നത്. ആഗ്രഹിച്ച സ്ഥാനം കിട്ടാത്തതിന്റ പേരിൽ വർഗ വഞ്ചന നടത്തി യുഡിഎഫ് കൂടാരത്തിലെത്തിയയാൾ രാഷ്ട്രീയ എതിരാളികളുടെ കോടാലികൈ ആയി മാറിയെന്നാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്'. 

'ടാപ്കോസിനതിരെ ഇയാളുന്നയിച്ച വ്യാജ പരാതിയിൽ ഇവിടെ രണ്ടര മണിക്കൂർ പോലീസ് റെയ്ഡ് നടത്തിയിട്ടും ഒന്നും കണ്ടെടുക്കാനായില്ല. ഓഫീസിലെ നാല് കമ്പ്യൂട്ടറുകളും ഫോൺ വിളിക്കാൻ പോലും അനുവദിക്കാതെ ജീവനക്കാരുടെ മുഴുവൻ മൊബൈൽ ഫോണുകളും പിടിച്ചുവച്ചാണ്‌ പോലീസ് പരിശോധന നടത്തിയത്‌. എന്നിട്ടും സംശയകരമായ ഒന്നും കണ്ടെത്താനായില്ലെന്ന്‌ പൊലീസ്‌ തന്നെ വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാൽ പൊലീസ്‌ റെയ്‌ഡ്‌ നടക്കുന്പോൾതന്നെ മാധ്യമങ്ങളിലേക്ക്‌ വളിച്ച്‌ വ്യാജവാർത്ത വരുത്താനും ഇയാൾ ശ്രമിച്ചിട്ടുണ്ട്‌. റെയ്‌ഡിനുശേഷം സംശയകരമായ ഒന്നും കണ്ടെത്താനായില്ലെന്ന്‌ രേഖാമൂലംഎഴുതി നൽകിയാണ്‌ പൊലീസ്‌ മടങ്ങിയത്‌ എന്നിരിക്കെ വ്യാജ ആരോപണം ഉന്നയിച്ച്‌ തൊഴിലാളികളെ അപമാനിക്കാൻ ശ്രമിച്ച യുഡിഎഫ്‌ സ്ഥാനാർഥി പരസ്യമായി മാപ്പ്‌ പറയാൻ തയ്യാറാകണം. മികിച്ച രീതിയിൽ പ്രവർത്തക്കുന്ന സ്ഥാപനത്തിനെയും അതിന്‌ നേതൃത്വം നൽകുന്ന സിപിഐ എമ്മിനെയും അപമാനിക്കുക എന്ന അത്യന്തം ഹീനമായ പ്രവൃത്തിയാണ് യുഡിഎഫ് സ്ഥാനാർഥിയിൽ നിന്നുണ്ടായത്'. 

'ദീർഘകാലം ഒരുമിച്ച്‌ പ്രവർത്തിച്ച സഹപ്രവർത്തകർക്കെതിരെപോലും കള്ളപ്പരാതികൾ ഉന്നയിക്കുന്നയാളായി യുഡിഎഫ് സ്ഥാനാർഥി അധഃപതിച്ചിരിക്കുന്നു. കമ്യൂണിസ്റ്റ് പാർടി നിരോധിക്കപ്പെട്ട കാലത്ത്‌ നേതാക്കളെയും പ്രവർത്തകരെയും പൊലീസിന് ഒറ്റുകൊടുത്ത ഒറ്റുകാരെപോലെയാണ് ടി കെ ഗോവിന്ദൻ പ്രവർത്തിക്കുന്നത്. അധികാരമോഹം പൂണ്ട്‌ വർഗവഞ്ചന നടത്തി യുഡിഎഫ്‌ കൂടാരത്തിൽ ചേക്കേറിയ സ്ഥാനാർഥി പരാജയഭീതിയിൽ സ്വയം നിലമറന്ന്‌ പെരുമാറുകയാണ്‌. കാലുമാറ്റക്കാരനെന്ന ജാള്യം മറയ്ക്കാൻ ഇത്തരം വ്യാജ പരാതികളും ആരോപണങ്ങളും ഉന്നയിക്കുന്നതിൽ നിന്നും അദ്ദേഹവും യുഡിഎഫും പിന്മാറണ'മെന്നും സി പി ഐ എം തളിപ്പറമ്പ ഏരിയ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

Previous Post Next Post