തിരുവനന്തപുരം :- നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വമ്പൻ വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. രാവിലെ പത്ത് മണിക്ക് കൊച്ചിയിൽ നടന്ന ചടങ്ങിൽ രേവന്ത റെഡ്ഡിയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. ശബരിമലയിലെ ആചാര സംരക്ഷണത്തിൽ നിന്നും സാമൂഹിക ക്ഷേമ പദ്ധതികളിലേക്കുള്ള വിവിധ പ്രഖ്യാപനങ്ങളാണ് പ്രകടന പത്രികയിലെ പ്രധാന ആകർഷണം. രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഗാരന്റികൾക്കാണ് യുഡിഎഫ് പ്രകടനപത്രികയിൽ മുൻഗണന. സാമൂഹിക സുരക്ഷാ പെൻഷൻ അവകാശമായി പ്രഖ്യാപിക്കും.
ശബരിമലയിലെ ആചാരസംരക്ഷണത്തിന് പ്രത്യേക നിയമം കൊണ്ടുവരുമെന്ന് യുഡിഎഫ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്യുന്നു. സാമൂഹിക സുരക്ഷാ പെൻഷൻ അവകാശമായി പ്രഖ്യാപിക്കുമെന്നും യുഡിഎഫ് ഉറപ്പുനൽകുന്നു. സംസ്ഥാനത്ത് മുഴുവൻ ഇന്ദിരാ കാന്റീൻ പദ്ധതി വ്യാപിപ്പിക്കുമെന്നും യുഡിഎഫ് വാഗ്ദാനം ചെയ്യുന്നു. കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകി റബർ താങ്ങുവില 300 രൂപയാക്കുമെന്നും ആശാവർക്കർമാരുടെ പ്രതിദിന വേതനം 700 രൂപയാക്കി ഉയർത്തുമെന്നും യുഡിഎഫ് പ്രഖ്യാപിച്ചു. ക്യാമ്പസുകളിലെ റാഗിംഗ് തടയുന്നതിനായി, പൂക്കോട് ക്യാമ്പസിൽ റാഗിങ്ങിന് ഇരയായി കൊല്ലപ്പെട്ട സിദ്ധാർത്ഥിൻ്റെ പേരിൽ പ്രത്യേക പദ്ധതി പ്രഖ്യാപിക്കുമെന്നും യുഡിഎഫിന്റെ പ്രകടന പത്രികയിലുണ്ട്. ദേവസ്വം ബോർഡിനെ അഴിമതി മുക്തമാക്കാൻ നടപടി സ്വീകരിക്കുമെന്നും സമാധാനവകുപ്പും സഹിഷ്‌ണുതാ വകുപ്പും രൂപീകരിക്കുമെന്നും ഐക്യമുന്നണി ഉറപ്പുനൽകുന്നു.
സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര
കോളേജ് വിദ്യാർത്ഥികൾക്ക് 1000 രൂപ പ്രതിമാസ ധനസഹായം
ക്ഷേമ പെൻഷനുകൾ 3000 രൂപയായി വർദ്ധിപ്പിക്കും
.എല്ലാം കുടുംബങ്ങൾക്കും 25,00,000 രൂപ വരെയുള്ള സൗജന്യ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്
.യുവജനങ്ങൾക്ക് ബിസിനസ് ആരംഭിക്കുന്നതിന് 5,00,000 രൂപയുടെ പലിശ രഹിത വായ്‌പ
.മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ്
