കോഴിക്കോട് :- കുറുനരിയുടെ കടിയേറ്റ് പന്ത്രണ്ടുകാരന് സാരമായി പരിക്കേറ്റു. കീഴുപറമ്പ് സ്വദേശി മാട്ടത്തൊടി നിസാമിന്റെ മകൻ ജസ്മൽ (12) ആണ് ആക്രമണത്തിന് ഇരയായത്. ചെറുവാടിയിലെ ഉമ്മയുടെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു ജസ്‌മൽ. ഉച്ചയോടെ ചെറുവാടിയിലെ പള്ളിയിൽ നിന്ന് നിസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജസ്മലിനെ ഓടിയെത്തിയ കുറുനരി കടിക്കുകയായിരുന്നു. കാലിനാണ് കടിയേറ്റത്.
ഒന്നിലധികം തവണ കടിയേറ്റതായാണ് ലഭിക്കുന്ന വിവരം. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിക്ക് ആവശ്യമായ അടിയന്തര പ്രതിരോധ കുത്തിവെപ്പുകളും വിദഗ്‌ധ ചികിത്സയും നൽകിയിട്ടുണ്ട്. ജനവാസ മേഖലയിൽ പകൽസമയത്ത് കുറുനരിയുടെ സാനിധ്യമുണ്ടായതും വിദ്യാർത്ഥിയെ ആക്രമിച്ചതും നാട്ടുകാരെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ജസ്മലിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം.
