ഗുസ്തി ഫെഡറേഷൻ വഴങ്ങി ; വിനേഷ് ഫോഗട്ടിന് 53 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കാൻ അനുമതി


ദില്ലി :- ഏഷ്യൻ ഗെയിംസ് ഗുസ്ത‌ി സെലക്ഷൻ ട്രയൽസിൽ നിന്നും ഒളിമ്പ്യൻ വിനേഷ് ഫോഗട്ടിനെ തടയാൻ റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ നടത്തിയ അവസാന ശ്രമവും പരാജയപ്പെട്ടു. ട്രയൽസ് വേദിയിൽ അരങ്ങേറിയ നാടകീയമായ തർക്കങ്ങൾക്കൊടുവിൽ, വിനേഷിനെ 53 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കാൻ ഫെഡറേഷൻ അനുവദിച്ചു. നേരത്തെ ഡൽഹി ഹൈക്കോടതിയും സുപ്രീം കോടതിയും വിനേഷിന് ട്രയൽസിൽ പങ്കെടുക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ, ഇതിനെ മറികടക്കാൻ ശനിയാഴ്‌ച രാവിലെ നടന്ന ഔദ്യോഗിക ഭാരപരിശോധനക്കിടെ ഫെഡറേഷൻ പുതിയ നീക്കവുമായി രംഗത്തെത്തി.

പാരീസ് ഒളിമ്പിക്സ‌് ഉൾപ്പെടെയുള്ള കഴിഞ്ഞ നാല് അന്താരാഷ്ട്ര മത്സരങ്ങളിലും 50 കിലോഗ്രാം വിഭാഗത്തിലാണ് മത്സരിച്ചതെന്ന് ചൂണ്ടിക്കാട്ടി വിനേഷിനെ 50 കിലോഗ്രാം വിഭാഗത്തിൽ മാത്രമേ മത്സരിക്കാൻ അനുവദിക്കൂ എന്ന് അധികൃതർ നിലപാടെടുത്തു. ഫെഡറേഷന്റെ തീരുമാനത്തിനെതിരെ വിനേഷ് ഫോഗട്ട് ശക്തമായി പ്രതിഷേധിച്ചു. തനിക്ക് താൽപര്യമുള്ള ഭാര വിഭാഗത്തിൽ മത്സരിക്കാനുള്ള അവസരം നിഷേധിക്കുക വഴി ഫെഡറേഷൻ തന്നോട് കടുത്ത വിവേചനം കാണിക്കുകയാണെന്ന് വിനേഷ് ആരോപിച്ചു. വേദിയിൽ വെച്ച് താരവും അധികൃതരും തമ്മിൽ വലിയ തോതിലുള്ള വാഗ്വാദങ്ങൾ നടന്നു. ഒടുവിൽ വിഷയം വഷളായതോടെ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് സഞ്ജയ് സിംഗ് ഇടപെടുകയും വിനേഷിനെ 53 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കാൻ അനുവദിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയുമായിരുന്നു.

Previous Post Next Post