കണ്ണൂർ :- ജില്ലാ ആരോഗ്യവകുപ്പിൻ്റെ ആരോഗ്യ ജാഗ്രതാ പ്രവർത്തന പരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പിൻ്റെ 105 സ്ക്വാഡുകൾ ജില്ലയിലെ വിവിധ ഭക്ഷ്യപാനീയ വിതരണ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ, ജ്യൂസ് കടകൾ, തട്ടുകടകൾ, കരിമ്പിൻ ജ്യൂസ് കടകൾ ഉൾപ്പെടെ 1092 സ്ഥാപനങ്ങളിൽ നടന്ന പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്തതിനും ശുചിത്വകുറവ്, ഹെൽത്ത് കാർഡ്, ലൈസൻസ്, ജലഗുണനിലവാര സർട്ടിഫിക്കറ്റ് എന്നിവ ഇല്ലാത്തതുമായ 75 സ്ഥാപനങ്ങൾക്ക് പൊതുജനാരോഗ്യ നിയമം 2023 പ്രകാരം ലീഗൽ നോട്ടീസ് നൽകി.
ഹോട്ടൽ, ബേക്കറി, ജ്യൂസ് കട, തട്ടുകടകൾ ഉൾപ്പെടെ മൂന്ന് സ്ഥാപനങ്ങൾ പൂട്ടാൻ നിർദേശിച്ചു. പുകവലി നിരോധിത ബോർഡ് സ്ഥാപിക്കാത്ത 121 കടകളിൽ നിന്ന് 10,600 രൂപ പുകവലി നിയമപ്രകാരം പിഴ ഈടാക്കി. ഭക്ഷ്യശുചിത്വം ഉറപ്പുവരുത്താൻ തുടർന്നുള്ള ദിവസങ്ങളിൽ പരിശോധന ശക്തിപ്പെടുത്തുമെന്നും ആരോഗ്യമാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരേ നടപടി കർശനമാക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഇൻചാർജ് ഡോ. കെ.സി സച്ചിൻ അറിയിച്ചു.
