കൊളച്ചേരി:- കൊളച്ചേരി പഞ്ചായത്ത് പൊതു ശ്മശാനത്തിന്റെ നവീകരണത്തിന് 5 ലക്ഷം രൂപയും കരിങ്കൽക്കുഴി - ഊട്ടുപുറം റോഡ് റീ താറിങ്ങിന് 8.71 ലക്ഷം രൂപയും എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചായി എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാനുമായ ശ്രീധരൻ സംഘമിത്ര അറിയിച്ചു.
കൊളച്ചേരി പറമ്പിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് ശ്മശാനത്തിന് 5 ലക്ഷം രൂപയും പട്ടികജാതി ശ്മശാനത്തിന് 4.25ലക്ഷം രൂപയുമാണ് അനുവദിച്ചത്.ഊട്ടുപുറം - കരിങ്കൽകുഴി റോഡിന്റെ റീ താറിങ്ങിന് 8.71 ലക്ഷം രൂപയും അനുവദിച്ചു.
പരാധീനതകളാൽ വീർപ്പുമുട്ടുന്ന പഞ്ചായത്ത് പൊതുശ്മശാനത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. ശവദാഹത്തിനായി പഞ്ചായത്തിലെ ജനങ്ങൾ ആശ്രയിക്കുന്ന ഏക പൊതുശ്മശാനമായ ഇവിടത്തെ സൗകര്യങ്ങളുടെ അപര്യാപ്തത ഇതിനകം തന്നെ ചർച്ചയായിരുന്നു. ഈ വാതക ശ്മശാനത്തിന്റെ യന്ത്ര തകാരുകൾ മൂലം മാസങ്ങളോളം ശവസംസ്കാരം നടത്താതെ മുടങ്ങി കിടന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്.. ജനറേറ്റർ തകരാറുകൾ ഉൾപ്പെടെ നിരവധി പ്രശ്നങ്ങളാൽ വീർപ്പുമുട്ടുന്ന പൊതു ശ്മശാനം സൗന്ദര്യവൽകരിച്ച് സംരക്ഷിക്കണമെന്ന ആവശ്യവും മുന്നെ ഉയർന്നതാണ്.
നെല്ലിക്കപ്പാലം - പള്ളിപ്പറമ്പ് ഭാഗത്തു നിന്നും മയ്യിൽ- തളിപ്പറമ്പ് ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർക്ക് കൊളച്ചേരി മുക്ക് ഒഴിവാക്കി സുഖമമായി യാത്ര ചെയ്യാൻ സാധിക്കുന്ന ഊട്ടുപുറം - കരിങ്കൽകുഴി റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്രാ ദുരിതം പേറുകയാണ്.ഈ റോഡിന്റെ റീ താറിങ്ങിനായാണ് 8.71 ലക്ഷം രൂപ അനുവദിച്ചിരിച്ചിരിക്കുന്നത്.
