സ്കൂൾ വാഹന ഡ്രൈവർമാർക്ക് പത്തുവർഷത്തെ തൊഴിൽപരിചയം വേണം


തിരുവനന്തപുരം :- സ്കൂൾ വാഹന ഡ്രൈവർമാർക്ക് പത്തുവർഷത്തെ തൊഴിൽപരിചയം നിർബന്ധമാക്കി. ഡ്രൈവർമാർ ഇടയ്ക്കുവെച്ച് ജോലി നിർത്തിപ്പോവുന്ന സാഹചര്യമൊഴിവാക്കാൻ ബസ് ജീവനക്കാരെ ഒരു അധ്യയനവർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കണമെന്നും പൊതുവിദ്യാഭ്യാസവകുപ്പ് സ്കൂളുകൾക്കയച്ച സർക്കുലറിൽ നിർദേശിച്ചു. മദ്യപിച്ചു വാഹനമോടിച്ചതിന് കേസുള്ളവർ, മയക്കുമരുന്നുകേസിൽ ഉൾപ്പെട്ടവർ, ഗുരുതര ഗതാഗതനിയമ ലംഘന ചരിത്രമുള്ളവർ എന്നിവരെ ജോലിക്കുവെക്കാൻ പാടില്ല. ജീവനക്കാരെ നിയമിക്കും മുൻപ് പോലീസിന്റെ സാക്ഷ്യപത്രം വാങ്ങണം.

എൽ.കെ.ജി, യു.കെ.ജി, പ്രൈമറി തലത്തിലുള്ള കുട്ടികൾ യാത്രചെയ്യുന്ന ബസുകളിൽ പരിശീലനം ലഭിച്ച വനിതാ അറ്റൻഡന്റുമാരെ നിയോഗിക്കണം. കുട്ടികളുടെ മാനസികാവസ്ഥ കൈകാര്യം ചെയ്യൽ, അപകടമുണ്ടായാൽ പ്രഥമശുശ്രൂഷ നൽകൽ തുടങ്ങിയവയിൽ വാഹനങ്ങളിലെ ജീവനക്കാർക്ക് പരിശീലനം നൽകണം. സ്കൂ‌ൾ വാഹനങ്ങളിൽ സി.സി.ടി.വിയും വേഗമാനകവും സ്ഥാപിക്കണം. പ്രഥമശുശ്രൂഷാ സൗകര്യങ്ങൾ ഉറപ്പാക്കണംമോട്ടോർ വാഹനവകുപ്പിൻ്റെ വിദ്യാവാഹൻ ആപ്പ് വഴി രക്ഷിതാക്കൾക്ക് ലൈവ് ലൊക്കേഷൻ ലഭ്യമാക്കണം. വാഹനങ്ങളുടെ ഫിറ്റ്നസ് മൂന്നുമാസത്തിലൊരിക്കൽ പരിശോധിക്കണം എന്നിവയാണ് നിർദേശങ്ങൾ 

Previous Post Next Post