റസ്റ്റോറന്റിൽ ഓർഡർ ചെയ്ത കറിയിൽ നിന്നും യുവാവിന് കിട്ടിയത് മുറിവിൽ കെട്ടുന്ന ബാൻഡേജ് ; സംഭവം ആശുപത്രിക്ക് സമീപമുള്ള റെസ്റ്റോറന്റിൽ


കോഴിക്കോട് :- ആശുപത്രിക്ക് സമീപത്തെ റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തിയ യുവാവിന് ഓർഡർ ചെയ്‌ത കറിയിൽ നിന്ന് ലഭിച്ചത് മുറിവിൽ കെട്ടുന്ന ബാൻഡേജ്. കോഴിക്കോട് അരയിടത്ത് പാലം ബേബി മെമ്മോറിയിൽ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന എം.എം റസ്റ്റോറന്റിൽ നിന്നാണ് ഈ ദുരനുഭവമുണ്ടായത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ആശുപത്രിയിൽ ബന്ധുവിനൊപ്പം എത്തിയ യുവാവ് ഇവിടെ ഭക്ഷണം കഴിക്കാനായി കയറി. കഴിച്ചു കൊണ്ടിരിക്കേ ഓർഡർ ചെയ്ത കറിയിൽ നിന്നും ബാൻഡേജ് ലഭിക്കുകയായിരുന്നു.

തുടർന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. കോർപറേഷൻ ക്ലീൻസിറ്റി മാനേജർ ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും സ്ഥാപനം പൂട്ടാൻ നിർദേശം നൽകുകയും ചെയ്തു. സീനിയർ പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ ഇ.പി ഷൈലേഷ്, പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർമാരായ എ. ശ്രീജിത്ത്, കെ. സതീഷ് ബാബു തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.

Previous Post Next Post