അവധി ആഘോഷത്തിനായി ലക്ഷദ്വീപിലെത്തിയ ഇന്ത്യൻ വ്യോമസേനാ വിങ് കമാൻഡർ മുങ്ങി മരിച്ചു


കൊച്ചി :- അവധി ആഘോഷത്തിനായി ലക്ഷദ്വീപിലെ ബംഗാരം ദ്വീപിലെത്തിയ ഇന്ത്യൻ വ്യോമസേനാ വിങ് കമാൻഡർ മുങ്ങി മരിച്ചു. തിരുവനന്തപുരം പുത്തൻചന്ത ഉണ്ണീസ് ലെയ്ൻ ശ്രീവിജയത്തിൽ ടി സി രാജൻ്റെ മകൻ ആർ ശ്രീരാജ് (41) ആണ് മരിച്ചത്. ലക്ഷദ്വീപിൽ വിങ് കമാൻഡർ ഇൻചാർജായിരുന്ന ശ്രീരാജ് കുടുംബസമേതമാണ് ബംഗാരം ദ്വീപിലെ താജ് റിസോർട്ടിലെത്തിയത്. R ഭാര്യ മോനിഷ മോഹനും മകൻ അനിരുദ്ധ് എസ് രാജും ഒപ്പമുണ്ടായിരുന്നു.തിങ്കളാഴ്ച വൈകീട്ട് 4.30നും 5.30നും ഇടയിലാണ് അപകടം സംഭവിച്ചത്. നീന്തുന്നതിനിടെ കടലിലെ ആഴമേറിയ ഭാഗത്തേക്ക് നീങ്ങിയതാകാമെന്നാണ് പ്രാഥമിക നിഗമനം. ബംഗാരം ദ്വീപിൻ്റെ തീരത്തോട് ചേർന്ന പ്രദേശങ്ങളിൽ പെട്ടെന്ന് ആഴം കൂടുന്ന മേഖലകളുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.

അപകട സമയം ബംഗാരം പൊലീസിന്റെയും റെസ്ക്യൂ സംഘത്തിന്റെയും സാന്നിധ്യം പ്രദേശത്തുണ്ടായിരുന്നു. ഉടൻ രക്ഷാപ്രവർത്തനം നടത്തി ശ്രീരാജിനെ ബോട്ടിൽ അഗത്തി രാജീവ് ഗാന്ധി സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വ്യോമസേനയുടെ ഡോണിയർ വിമാനത്തിൽ ലക്ഷദ്വീപിൽ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. സംഭവത്തിൽ അഗത്തി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുക.

Previous Post Next Post