തിരുവനന്തപുരം :- വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരമേറ്റ് മൂന്ന് ദിവസമായിട്ടും മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ചുള്ള വിജ്ഞാപനം പുറത്തിറങ്ങിയില്ല. വകുപ്പ് വിഭജനത്തിൽ തർക്കം ശക്തമായി തുടരുന്നതാണ് പ്രതിസന്ധിയുടെ കാരണം. ഇന്ന് രാവിലെ ഒൻപത് മണിക്ക് വി ഡി എസ് സർക്കാരിൻ്റെ രണ്ടാമത്തെ മന്ത്രിസഭാ യോഗം ചേരുന്നുണ്ട്. മന്ത്രിസഭായോഗത്തിലെങ്കിലും അന്തിമ തീരുമാനം ഉണ്ടാകുമോ എന്നതാണ് കണ്ടറിയേണ്ടത്. വകുപ്പ് തർക്കത്തിന് പരിഹാരമായാൽ പട്ടികയുമായി മുഖ്യമന്ത്രി ഗവർണറെ സന്ദർശിച്ചേക്കും. ഫിഷറീസ് വകുപ്പിനെ ചൊല്ലിയാണ് പ്രധാനമായും തർക്കം തുടരുന്നത്.
ഫിഷറീസ് വകുപ്പ് ലീഗിന് നൽകുന്നതിനെ ലത്തീൻ സഭ ശക്തമായി എതിർക്കുകയാണ്. ഫിഷറീസ് നൽകാതെ ഉന്നതവിദ്യാഭ്യാസം വിട്ടുനൽകില്ലെന്നാണ് ലീഗ് നിലപാട്. സഭക്ക് ഇത്ര വഴങ്ങണോ എന്നതാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ ചോദ്യം. കെ മുരളീധരൻ ഉറപ്പിച്ചിരുന്ന ദേവസ്വം വകുപ്പ് എ പി അനിൽകുമാറിന് നൽകിയേക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. കെ മുരളീധരന് ആരോഗ്യത്തിന് പുറമേ, സ്പോർട്‌സ് കൂടി നൽകാൻ ധാരണയായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പക്കലുള്ള കൂടുതൽ വകുപ്പുകൾ കെ സി പക്ഷം ആവശ്യപ്പെടുന്നുണ്ടെങ്കിലും വിട്ടുനൽകാൻ സതീശൻ തയ്യാറായിട്ടില്ല. അതേസമയം ടി സിദ്ദിഖ്, എം ലിജു, റോജി എം ജോൺ, ഒ ജെ ജനീഷ് എന്നിവരുടെ വകുപ്പുകളിൽ നേരിയ മാറ്റത്തിന് സാധ്യതയുണ്ടെന്നാണ് വിവരം.
