വൈശാഖോത്സവത്തിനാവശ്യമായ വിളക്കുതിരികളുമായി സംഘം കൊട്ടിയൂരിലേക്ക് പുറപ്പെട്ടു


കൂത്തുപറമ്പ് :- കൊട്ടിയൂർ വൈശാഖോത്സവത്തിനാവശ്യമായ വിളക്കുതിരികളുമായി വിളക്കുതിരി സംഘം കൊട്ടിയൂരി ലേക്ക് പുറപ്പെട്ടു. പൂയ്യം നാളിൽ വ്യാഴാഴ്ച രാത്രി 10 മണിയോടെ പുറക്കളം തിരൂർക്കുന്ന് ഗണപതി ക്ഷേത്രത്തിൽ നിന്നാണ് സംഘം കാൽനടയായി കൊട്ടിയൂരിലേക്ക് യാത്ര തിരിച്ചത്. മണിയൻ ചെട്ടിയാൻ സ്ഥാനികൻ കറുത്ത പ്രേമരാജന്റെ നേതൃത്വത്തിലുള്ള ആറുപേരാണ് സംഘത്തിലുള്ളത്. കൊട്ടിയൂർ ക്ഷേത്രത്തിൽ നടക്കുന്ന പ്രക്കൂഴം ചടങ്ങ് മുതൽ വ്രതം നോറ്റ് നിൽക്കുന്ന സംഘം രേവതി നാളിലാണ് വ്രത ശുദ്ധിയോടെ പുറക്കളത്തെ മഠത്തിൽ കയറിയത്.

ഭക്ഷണം സ്വയം പാചകം ചെയ്ത് കഴിച്ച് ആചാരാനുഷ്ഠാനങ്ങളോടെയാണ് സംഘം ഉത്സവത്തിന്റെ പ്രധാന ഭാഗമായ വസ്തുക്കൾ നിർമിച്ചത്. വിളക്കുതിരികൾ, കൂത്തിരി, കിള്ളിശീല, തലപ്പാവ്, ഉത്തരീയം എന്നിവയാണ് ഒൻപത് ദിവസംകൊണ്ട് സംഘം നിർമിച്ചത്. പുറക്കളം ഗണപതി ക്ഷേത്രത്തിൽ നടന്ന ചടങ്ങുകൾക്കും അന്നദാനത്തിനും ശേഷം ഓംകാര വിളികളോടെയാണ് സംഘം യാത്രയായത്. കതിരൻ ഭാസ്കരൻ, തൊണ്ടൻ രാഘവൻ, ചിങ്ങൻ പ്രകാശൻ, കറുത്ത പ്രദീപൻ, കതിരൻ രജീഷ്, നിജീഷ് വട്ടോളി എന്നിവരാണ് സംഘത്തിലുള്ളത്. 

എടയാർ മഹാവിഷ്ണു ക്ഷേത്രത്തിൽ രാത്രി തങ്ങിയ സംഘം വെള്ളിയാഴ്ച ഉച്ചയ്ക്ക് പേരാവൂർ ഗണപതി ക്ഷേത്രത്തിൽ നിന്ന് കഞ്ഞി കുടിക്കും. രാത്രിയിൽ മണത്തണ ഗോപുരത്തിൽ വിശ്രമിച്ച് ശനിയാഴ്ച രാവിലെ ഇക്കരെ കൊട്ടിയൂരിലെത്തും. തുടർന്ന് മണിയൻ ചെട്ടിയാൻ സംഘം വിളക്കുതിരികളും മറ്റും ക്ഷേത്ര ഭാരവാഹികളെ ഏൽപിക്കും. പൂരം നാളിൽ അക്കരെ കൊട്ടിയൂരിൽ ക്ഷേത്ര ഊരാളന്മാരുടെ അടിയന്തിര യോഗം ചേർന്ന് വസ്തുവകകൾ എണ്ണിത്തിട്ടപ്പെടുത്തി ഏറ്റെടുക്കുന്നതോടെയാണ് പ്രധാന ചടങ്ങായ നീരെഴുന്നള്ളത്ത് ആരംഭിക്കുക. ഒരു മാസക്കാലം നീളുന്ന വൈശാഖോത്സവക്കാലത്ത് വിളക്ക് തെളിയിക്കാനും മറ്റും ഉപയോഗിക്കുന്നത് പുറക്കളം വിളക്കുതിരി സംഘത്തിന്റെ നേതൃത്വത്തിൽ എത്തിക്കുന്ന ഉത്പന്നങ്ങളാണ്.

Previous Post Next Post