ചേലേരി :- നേട്ടങ്ങളിലേക്കുള്ള യാത്രയിൽ റിൻഷയെ തേടിയെത്തിയത് ഒന്നാം റാങ്കിന്റെ തിളക്കം. കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ നിന്ന് ബി.എസ്.സി മെഡിക്കൽ ബയോ കെമിസ്ട്രിയിൽ ഒന്നാം റാങ്ക് നേടിയാണ് ചേലേരി നൂഞ്ഞേരിയിലെ പ്രവാസിയായ അക്ലിയത്ത് അയ്യൂബിന്റെയും പൊലുപ്പിയിലെ സാബിറയുടെയും മകളായ റിൻഷ ഷെറിൻ നാടിന്റെ അഭിമാനമായത്.
തൃശൂർ യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ കേരള ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിൽ നിന്ന് ഉപഹാരവും സർട്ടിഫിക്കറ്റും സ്വീകരിച്ച റിൻഷക്ക് ഈ വിഷയത്തിൽ തന്നെ വിദേശ സർവകലാശാലയിൽ നിന്ന് പി ജി പഠനം തുടരാനാണ് ആഗ്രഹം. കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്തിൽ നിന്ന് SSLC പഠനം പൂർത്തിയാക്കിയ റിൻഷ കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു പഠനത്തിന് ശേഷമാണ് ബി എസ് സി ബയോ കെമിസ്ട്രി പഠനത്തിനായി കണ്ണൂർ മാവിലായിയിലെ എ കെ ജി കോ-ഓപ്പറേറ്റീവ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ഹെൽത്ത് സയൻസിൽ ചേർന്നത്.
നാലു വർഷത്തെ പഠനത്തിനിടെ വിവാഹ ജീവിതത്തിലേക്ക് കടന്നെങ്കിലും ഭർത്താവും കുടുംബക്കാരുമെല്ലാം പൂർണ പിന്തുണയുമായി നിന്നതോടെ സർവകലാശാല തലത്തിൽ തന്നെ ഒന്നാം റാങ്ക് നേട്ടമാണ് റിൻഷയെ തേടിയെത്തിയത്. ഭർത്താവ് നാറാത്ത് സ്വദേശി ഇഖ്ലാസ് കാനഡയിൽ സ്വകാര്യ കമ്പനിയിൽ എച്ച് ആർ മാനേജറായി ജോലി ചെയ്യുകയാണ്. വിദ്യാർഥികളായ മുഹമ്മദ് റാസി, റൂഹി സറ എന്നിവർ സഹോദരങ്ങളാണ്.
