എടക്കാട്:-വായനോത്സവം 2026-ൻ്റെ ഭാഗമായി എടക്കാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച 'അറിവിൻ്റെ ഷൂട്ടൗട്ട്' ലോകകപ്പ് ക്വിസ് മത്സരം ശ്രദ്ധേയമായി. വായനശാലാ തലത്തിലും പഞ്ചായത്ത് തലത്തിലും നടന്ന പ്രാഥമിക മത്സരങ്ങൾക്ക് ശേഷമാണ് ബ്ലോക്ക് തലത്തിൽ അന്തിമ മത്സരം അരങ്ങേറിയത്.
എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള കൊളച്ചേരി, മുണ്ടേരി, ചെമ്പിലോട്, കടമ്പൂർ, പെരളശേരി എന്നീ പഞ്ചായത്തുകളിൽ നിന്നുള്ള മത്സരാർഥികൾ ആവേശകരമായ മത്സരത്തിൽ പങ്കെടുത്തു. അറിവിൻ്റെ പോരാട്ടത്തിൽ കൊളച്ചേരി പഞ്ചായത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ചെമ്പിലോട് പഞ്ചായത്ത് രണ്ടാം സ്ഥാനവും, മുണ്ടേരി പഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി.
വിജയികൾക്കുള്ള സമ്മാനദാനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ബിജു നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഇ. ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സാംസ്കാരിക പ്രവർത്തകർ തുടങ്ങി നിരവധി പേർ പങ്കെടുത്തു.
