കുടിവെള്ള പൈപ്പിടാന്‍ പൊളിച്ച റോഡുകള്‍ ഉടന്‍ പൂര്‍വസ്ഥിതിയിലാക്കണം: മന്ത്രി അഡ്വ. സണ്ണി ജോസഫ്



കണ്ണൂർ:-കുടിവെള്ള പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിനായി പൊളിച്ച റോഡുകള്‍ ഉടന്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. ജില്ലാ കലക്ടര്‍ പി വിഷ്ണുരാജിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മഴക്കാലം ആരംഭിക്കുന്നതിനു മുമ്പേ അവ പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശം പൂര്‍ണമായി നടപ്പിലാക്കപ്പെടാത്ത സാഹചര്യത്തിലാണിത്.കാലവര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ റോഡരികുകളിലെ മരങ്ങളുടെ ബലക്ഷമത പരിശോധിക്കാന്‍ ഫീല്‍ഡ് പരിശോധന നടത്തി ബലക്ഷയം നേരിടുന്നവ മുറിച്ചുമാറ്റാന്‍ നടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 

പ്രത്യക്ഷത്തില്‍ ബലക്ഷയം കാണിക്കാത്ത മരങ്ങള്‍ കടപുഴകി വീഴുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശം. മുറിച്ച മരങ്ങള്‍ ഉടന്‍ തന്നെ റോഡുകളില്‍ നിന്ന് നീക്കം ചെയ്യാനും നടപടി സ്വീകരിക്കണം. ജില്ലാ വികസന സമിതി യോഗത്തില്‍ ജനപ്രതിനിധികള്‍ ഉന്നയിക്കുന്ന വികസന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അടുത്ത യോഗം വരെ കാത്തുനില്‍ക്കാതെ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ ജനപ്രതിനിധികളുമായി ആശയവിനിമയം നടത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കണം. 

എംഎല്‍എമാരുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നത് വേഗത്തിലാക്കാന്‍ നടപടികള്‍ സ്വീകരിക്കണം. കാലവര്‍ഷക്കെടുതികള്‍ കാരണം വൈദ്യുതി വിതരണത്തിലുണ്ടാവുന്ന തടസ്സങ്ങള്‍ നീക്കി വൈദ്യുതി പുനസ്ഥാപിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.

പാപ്പിനിശ്ശേരി - താഴെചൊവ്വ ദേശീയപാതയിലെ റോഡ് ടാറിംഗ് യാത്രാവാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ രാത്രി സമയത്ത് ക്രമീകരിക്കണമെന്നും ഇതുമായി ബന്ധപ്പെട്ടുള്ള അറിയിപ്പുകള്‍ പൊതുജനങ്ങളെ മുന്‍കൂട്ടി അറിയിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. റോഡ് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. 

മാങ്ങാട് ടൗണില്‍ ഫുട്ഓവര്‍ ബ്രിഡ്ജ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേശീയപാത അധികൃതര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. സ്‌കൂളുകളില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിച്ച സാഹചര്യത്തില്‍ ലഹരി മാഫിയകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും റാഗിംഗ് തടയുന്നതിനും ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുന്നതായി ബന്ധപ്പെട്ടവര്‍ യോഗത്തെ അറിയിച്ചു.

യോഗത്തില്‍ ടി ഒ മോഹനന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ബിനോയ് കുര്യന്‍, വൈസ് പ്രസിഡന്റ്‌ ടി ഷബ്‌ന, സബ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി, എ.ഡി.എം എന്‍ പുരുഷോത്തമന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഇന്‍-ചാര്‍ജ് സി പി സുധീഷ്, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


 

Previous Post Next Post