തിരുവനന്തപുരം :- ജനജീവിതത്തിന് ഭീഷണിയുയർത്തുന്ന വന്യജീവി ആക്രമണങ്ങളിൽ അടിയന്തര നടപടികളുമായി വനംവകുപ്പ്. വന്യജീവി ശല്യം രൂക്ഷമായ വയനാട്, ആറളം, കോതമംഗലം മേഖലകൾക്ക് അടിയന്തര മുൻഗണന നൽകാൻ മന്ത്രി ഷിബു ബേബി ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. വന്യജീവികളെ ജനവാസമേഖലകളിൽ നിന്ന് അകറ്റിനിർത്താൻ അതിർത്തികളിൽ 'ടോട്ടൽ ഡിഫെൻസ്' സംവിധാനം നടപ്പാക്കുമെന്ന് മന്ത്രി യോഗത്തിൽ പറഞ്ഞു.
കഴിഞ്ഞ പകൽ മാത്രം ജനവാസമേഖലകളിൽ ഇറങ്ങിയ ആറ് ആനകളെ കാട്ടിലേക്ക് തിരിച്ചുകയറ്റിയതായി മന്ത്രി അറിയിച്ചു. കാട്ടുപന്നി വിഷയം ഗൗരവമായി കൈകാര്യം ചെയ്യും.ഇരുളത്ത് വിജയകരമായി നടപ്പാക്കിയ ത്രീ ടയർ ഡിഫെൻസ് സിസ്റ്റം വന്യജീവി ശല്യമുള്ള മറ്റ് വനമേഖലകളിലേക്കും വ്യാപിപ്പിക്കും. വനാതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലെ എം.എൽ.എമാരും വനം ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. കാട്ടുപന്നികളെ ഉപദ്രവകാരികളായ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് കേരളം നിരന്തരം ആവശ്യപ്പെട്ടിട്ടും കേന്ദ്രസർക്കാർ അനുമതി നൽകിയില്ലെന്ന് മന്ത്രി സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
വന്യജീവി പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഫണ്ട് അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് വിനിയോഗം കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വനംവകുപ്പിനു കീഴിൽത്തന്നെ സ്വന്തം നിർവഹണ സംവിധാനം വേണമെന്ന് മന്ത്രി ടി.സിദ്ദിഖ് ആവശ്യപ്പെട്ടു. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവർക്ക്, അപകടം നടന്നത് വനത്തിനകത്താണോ പുറത്താണോയെന്ന് നോക്കാതെ കൃത്യമായ നഷ്ടപരിഹാരം നൽകണമെന്ന് മുൻമന്ത്രി കെ.രാജൻ ആവശ്യപ്പെട്ടു.
