ടയർ കയറ്റുമതിയിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ


കോട്ടയം :- കയറ്റുമതിയിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യൻ ടയർ വ്യവസായം. 2025-26 സാമ്പത്തികവർഷം 27,312 കോടി രൂപയുടെ ടയറാണ് കയറ്റുമതി ചെയ്തത്. ഇത് റെക്കോർഡ് നേട്ടമാണ്. 25,057 കോടി രൂപയായിരുന്നു മുൻവർഷത്തെ വരുമാനം. ഒൻപതു ശതമാനമാണ് വർധന. യുദ്ധസാഹചര്യവും കടത്തുകൂലിയിലെ വലിയ വർധനയും നിലനിൽക്കെയാണ് ഈ മുന്നേറ്റമെന്നതാണ് ശ്രദ്ധേയം. 

അമേരിക്കയുടെ പകരച്ചുങ്ക ഭീഷണി നിലനിൽക്കുമ്പോൾ വലിയ ആശങ്ക ഉണ്ടായെങ്കിലും ആഗോളതലത്തിൽ വാഹനവിപണിയിലെ കുതിപ്പാണ് ടയറിനും തുണയായത്. പോയവർഷത്തേക്കാൾ വ്യാപാരം കുറഞ്ഞെങ്കിലും അമേരിക്ക തന്നെയാണ് പ്രധാന വിപണി. ആകെ കയറ്റുമതിയുടെ 15 ശതമാനം അവിടേക്കായിരുന്നു. അതായത്, 4,082 കോടിയുടെ കയറ്റുമതി. മുൻവർഷം ആകെ കയറ്റുമതിയുടെ 17 ശതമാനമായിരുന്നു അമേരിക്കയിലേക്ക്. 

2026 ഫെബ്രുവരിയിൽ അമേരിക്ക, ഇറക്കുമതിച്ചുങ്കം 50 ശതമാനത്തിൽ നിന്ന് 18-ലേക്ക് കുറച്ചതോടെ കയറ്റുമതി മെച്ചപ്പെടുകയായിരുന്നു. ജർമനി, ബ്രസീൽ എന്നിവരാണ് അമേരിക്ക കഴിഞ്ഞാൽ ഇന്ത്യൻ ടയറിൻ്റെ പ്രധാന ഗുണഭോക്താക്കൾ. കോവിഡിനുശേഷമുള്ള വിപണി മുന്നേറ്റം പ്രതീക്ഷിച്ച് ടയർ കമ്പനികൾ വൻതോതിൽ മൂലധന നിക്ഷേപം നടത്തിയിട്ടുണ്ട്. ഏകദേശം 30,000 കോടി രൂപയുടേതാണിത്.

Previous Post Next Post