ശബരിമല സ്വർണക്കൊള്ള കേസ് പ്രതിയായ മുരാരി ബാബു അന്തരിച്ചു


തിരുവനന്തപുരം :- ശബരിമല സ്വർണക്കൊള്ള കേസ് പ്രതിയായ മുരാരി ബാബു അന്തരിച്ചു. കരൾ രോഗ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവേ ആണ് മരണം. ഇന്ന് പുലർച്ചെ ആണ് അന്ത്യം. ചങ്ങനാശ്ശേരി പെരുന്ന സ്വദേശി ആണ് മുരാരി ബാബു. ഇന്ന് വൈകിട്ട് 3 മണിക്ക് പെരുന്നയിലെ വീട്ടിൽ വെച്ചായിരിക്കും സംസ്കാരം.

2019 കാലത്ത് ശബരിമലയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു മുരാരി ബാബു. 1998ൽ ശ്രീകോവിൽ സ്വർണം പൊതിഞ്ഞ കാര്യം അറിയാവുന്ന മുരാരി ബാബു 2019ലും 2024ലും പാളികൾ ചെമ്പെന്ന് തെറ്റായി രേഖപ്പെടുത്തി. ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയെക്കൊണ്ടുത്തന്നെ സ്വർണം പൂശിക്കണമെന്നു കഴിഞ്ഞവർഷം ദേവസ്വം ബോർഡിന് ശുപാർശ നൽകിയതും മുരാരി ബാബുവായിരുന്നു.

പോലീസ് ജോലി ഉപേക്ഷിച്ചാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാരനായത്. 1994ലാണ് പൊലീസിൽ ജോലി ലഭിച്ചത്. കോൺസ്റ്റബിൾ പോസ്റ്റിൽ കണ്ണൂരിലായിരുന്നു ആദ്യ പരിശീലനം. എന്നാൽ പരിശീലനം പൂർത്തിയാക്കിയില്ല. 1997ൽ ദേവസ്വം ബോർഡിലെ ജീവനക്കാരനായി. ദേവസ്വം ബോർഡിലെ ഉയർന്ന പദവിയിലുണ്ടായിരുന്നയാളുടെ സഹായിയായിട്ടായിരുന്നു തുടക്കം. പിന്നീട് ഏറ്റുമാനൂർ ക്ഷേത്രത്തിലെ ക്ലാർക്കായി സ്ഥിരനിയമനം ലഭിച്ചു.

Previous Post Next Post