മട്ടന്നൂർ :- കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ആഭ്യന്തര വിമാന സർവീസുകൾ വെട്ടിക്കുറച്ച് വിമാന കമ്പനികൾ. എയർ ഇന്ത്യ എക്സ്പ്രസും ഇൻഡിഗോയും കണ്ണൂരിൽ നിന്നുള്ള വിവിധ സർവീസുകൾ കുറച്ചു. ഇന്ധനവിലവർധനയെത്തുടർന്ന് വിമാന കമ്പനികൾ രാജ്യവ്യാപകമായി ആഭ്യന്തര റൂട്ടിൽ സർവീസുകൾ ചുരുക്കുന്നതിന്റെ ഭാഗമായാണിതെന്ന് കിയാൽ പ്രതിനിധി വ്യക്തമാക്കി. ഇൻഡിഗോ കണ്ണൂരിനും ബെംഗളൂരുവിനുമിടയിലുള്ള മൂന്നാമത്തെ സർവീസ് 16 മുതൽ നിർത്തും. ടിക്കറ്റ് ബുക്കിങ് നിർത്തി. ഇൻഡിഗോ കണ്ണൂർ-ഡൽഹി പ്രതിദിന സർവീസ് ജൂലൈ ഒന്നു മുതൽ ആഴ്ചയിൽ മൂന്നു ദിവസമായി കുറയും. നിലവിൽ പ്രതിദിന സർവീസാണ് ഈ റൂട്ടിൽ ഇൻഡിഗോ നടത്തുന്നത്. എയർഇന്ത്യ എക്സ്പ്രസ് കണ്ണൂർ-ബെംഗളൂരു പ്രതി ദിന സർവീസ് അവസാനിപ്പിച്ചു.
ആദ്യഘട്ടത്തിൽ യാത്ര കുറഞ്ഞതും പൊതുവേ ലാഭകരവുമല്ലാത്ത റൂട്ടിലെ സർവീസുകളാണു കുറച്ചത്. വരും ദിവസങ്ങിൽ കൂടുതൽ സർവീസുകളെ ബാധിക്കാനിടയുണ്ട്. കണ്ണൂർ-ബെംഗളൂരു റൂട്ടിലായിരുന്നു ഏറ്റവും കൂടുതൽ ആഭ്യന്തര യാത്രക്കാർ യാത്ര നടത്തിയിരുന്നത്. 2 വിമാനക്കമ്പനികളും സർവീസ് നടത്തിയിരുന്നതിനാൽ ടിക്കറ്റ് നിരക്ക് കുറവായിരുന്നു. ഇനി ഇൻഡിഗോ മാത്രമാണു സർവീസ് നടത്തുക. ടിക്കറ്റ് നിരക്ക് ഉയർന്നേക്കും. ഇതോടെ പ്രതിവാരം 18 സർവീസുകളാണ് ആദ്യ ഘട്ടത്തിൽ കുറയുന്നത്. സർവീസ് കുറയുന്നത് ആഭ്യന്തര സെക്‌ടറിലെ ചരക്ക് നീക്കത്തെയും സാരമായി ബാധിക്കും.
