കൊട്ടിയൂർ വൈശാഖോത്സവത്തിലെ ആദ്യ ആരാധനാപൂജ നാളെ


കൊട്ടിയൂർ :- കൊട്ടിയൂർ വൈശാഖോത്സവത്തിലെ ആദ്യ ആരാധനാപൂജ നാളെ നടത്തും. തിരുവോണം നാളിലാണ് ആദ്യ ആരാധനാ പൂജ നടത്തുക. കൂത്തമ്പലത്തിൽ മത്തവിലാസം കൂത്ത് നാളെ പൂർണരൂപത്തിൽ ആരംഭിക്കും. ഭണ്ഡാര അറയ്ക്കു മുന്നിൽ നടത്തുന്ന അലങ്കാര വാദ്യങ്ങളും നാളെ മുതലാണ് ആരംഭിക്കുന്നത്. നാളെ ഉച്ചയ്ക്ക് ആരാധനാസദ്യ നടത്തും. സന്ധ്യയ്ക്കു പാലമൃത് എന്നറിയപ്പെടുന്ന പഞ്ചഗവ്യം സ്വയംഭൂവിൽ അഭിഷേകം ചെയ്യും. 

അഭിഷേകത്തിനുള്ള പഞ്ചഗവ്യം മുൻപ് വേക്കളത്തെ കരോത്തു നായർ തറവാട്ടിൽ നിന്നായിരുന്നു പാരമ്പര്യ അവകാശപ്രകാരം എത്തിച്ചിരുന്നത്. ഇപ്പോൾ ദേവസ്വം തന്നെയാണ് പാലമൃത് സമർപ്പിക്കുന്നത്. നിത്യപൂജകളും തുടരും. ഈ വർഷത്തെ വൈശാഖോത്സവ കാലത്തെ ഏറ്റവും വലിയ തിരക്ക് ഇന്നലെ കൊട്ടിയൂരിൽ അനുഭവപ്പെട്ടു. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തജനങ്ങളായിരുന്നു കൂടുതലായി എത്തിയത്. 80 ശതമാനത്തിലധികവും മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള ഭക്തജനങ്ങളാണ് കൊട്ടിയൂരിലേക്ക് എത്തുന്നത്.

നിത്യപൂജകൾ

രാവിലെ നിർമാല്യം, 36 കുടം ജലാഭിഷേകം, സ്വർണകുടം - വെള്ളിക്കുടം സമർപ്പണം, പന്തീരടി പൂജ, ഉച്ചശീവേലി, ആയിരംകുടം ജലാഭിഷേകം, ശീവേലി, ശ്രീഭൂതബലി.

Previous Post Next Post