കണ്ണൂർ :- ജില്ലയെ മയക്കുമരുന്ന് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഡ്രഗ് ഫ്രീ കണ്ണൂര്‍ ക്യാമ്പയിന്റെ ഭാഗമായുള്ള വിവിധ പരിപാടികൾ അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനമായ ജൂണ്‍ 26ന് വിപുലമായി നടക്കും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ സിറ്റി പോലീസ്, സാമൂഹ്യനീതി, ആരോഗ്യം, വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
രാവിലെ 9 മണിക്ക് കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്ക് ആന്‍ഡ് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ നിന്ന് ആരംഭിക്കുന്ന കൂട്ടയോട്ടം അഡ്വ. ടി. ഒ. മോഹനന്‍ എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്യും. കാള്‍ടെക്‌സ് ഗാന്ധി സര്‍ക്കിള്‍, പഴയ ബസ്റ്റാന്‍ഡ് സമീപം, സ്റ്റേഡിയം പരിസരം വഴി സഞ്ചരിച്ച് കൂട്ടയോട്ടം തിരികെ പരേഡ് ഗ്രൗണ്ടില്‍ സമാപിക്കും. ചടങ്ങില്‍ മേയര്‍ അഡ്വ. പി. ഇന്ദിര ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ലഹരിക്കെതിരായ പോരാട്ടത്തില്‍ പൊതുജനങ്ങളുടെ സജീവമായ പിന്തുണ ഉറപ്പാക്കുന്നതിനായി സംഘടിപ്പിക്കുന്ന സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരത്തിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ് നിര്‍വഹിക്കും.
മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പോലിസ് സഭാ ഹാളില്‍ കെ സുധാകരന്‍ എംപി നിര്‍വഹിക്കും. ജില്ലാ കലക്ടര്‍ അധ്യക്ഷനാകും. മേയര്‍ അഡ്വ പി ഇന്ദിര, സിറ്റി പോലിസ് കമ്മീഷണര്‍ ബി വി വിജയരാജ ഭരത് റെഡ്ഡി തുടങ്ങിയവര്‍ സംബന്ധിക്കും. തുടര്‍ന്ന് ലഹരിവിരുദ്ധ ഹ്രസ്വചിത്ര പ്രദര്‍ശനം, ഓപ്പറേഷന്‍ തൂഫാന്‍, ഓപ്പറേഷന്‍ തണ്ടര്‍, മനസ്സും ആരോഗ്യവും എന്നീ വിഷയങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസ്സുകളും നടക്കും.
