കൊട്ടിയൂർ :- അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലെ മണിത്തറയിൽ താത്കാലിക ശ്രീകോവിൽ നിർമാണം ആരംഭിച്ചു. ബ്രാഹ്മണ സ്ഥാനികരുടെ നേതൃത്വത്തിലാണ് ശ്രീകോവിൽ നിർമാണം. മുളകളാണ് തൂണിനായി ഉപയോഗിക്കുന്നത്. ഞെട്ടിപ്പനയോല ഉപയോഗിച്ചാണ് ശ്രീകോവിൽ മേയുക. തൂണിനായുള്ള മുളകൾ മണിത്തറയിൽ നാട്ടിയിട്ടുണ്ട്. തിരുവോണം ആരാധനയ്ക്ക് മുമ്പ് ശ്രീകോവിൽ നിർമാണം പൂർത്തിയാക്കും. ജൂൺ അഞ്ചിനാണ് തിരുവോണം ആരാധന നടക്കുക. വൈശാഖോത്സവത്തിലെ നിത്യപൂജകൾ തുടരുന്നു.
കൊട്ടിയൂർ പെരുമാളെ തൊഴാൻ വൻ ഭക്തജനത്തിരക്കാണ് അവധിദിനമായ ഞായറാഴ്ച അക്കരെ കൊട്ടിയൂരിൽ അനുഭവപ്പെട്ടത്. സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് അക്കരെ സന്നിധിയിലേക്ക് ഒഴുകിയെത്തിയത്. രാവിലെ തന്നെ തിരുവഞ്ചിറ ഭക്തരാൽ നിറഞ്ഞു. കർണാടകത്തിൽനി ന്നുളള ഭക്തരാണ് ദർശനം നടത്തിയവരിൽ ഏറെയും. ദർശനത്തിനുള്ള കിഴക്കേ നടയിലെയും പടിഞ്ഞാറെ നടയിലെയും ക്യൂവിൽ വലിയ തിരക്കായിരുന്നു. കനത്ത വെയിലിനെ പോലും അവഗണിച്ചാണ് ഭക്തർ ദർശനംനടത്തിയത്.
