കൊട്ടിയൂർ വൈശാഖോത്സവം ഇന്ന് സമാപിക്കും ; ഇനി അടുത്ത വർഷത്തേക്കുള്ള കാത്തിരിപ്പ്


കൊട്ടിയൂർ :- കൊട്ടിയൂർ വൈശാഖോത്സവത്തിന് സമാപനം കുറിച്ച് ഇന്ന് തൃക്കലശാട്ടം. ഇന്ന് രാവിലെ മണിത്തറയിലെ വിളക്കിറക്കും. ദീപം തേങ്ങാമുറികളിലേക്ക് പകരും. ശ്രീകോവിൽ പിഴുതെടുത്ത് തിരുവഞ്ചിറയിൽ നിക്ഷേപിക്കും. തുടർന്ന് കലശ മണ്ഡപത്തിൽ നിന്ന് കളഭകുംഭങ്ങളുമായി മണിത്തറയിൽ പ്രവേശിക്കും. പാരമ്പര്യവാദ്യത്തിന്റെ അകമ്പടിയോടെ അടിയന്തിരക്കാരായ സ്ഥാനികർ മണിത്തറയിലേക്ക് എഴുന്നള്ളിച്ചു കൊണ്ടുവരുന്ന കളഭം രണ്ട് പ്രധാനതന്ത്രിമാരുടെയും കാർമികത്വത്തിൽ അഭിഷേകം ചെയ്യും. ഇതോടെ തൃക്കലശാട്ടം പൂർത്തിയാകും. 

തുടർന്ന് മണിത്തറയിൽ കയറാൻ അർഹതപ്പെട്ട ബ്രാഹ്മണർ ചേർന്ന് പൂർണ പുഷ്പാഞ്ജലി അർപ്പിക്കും. പിന്നീട് കുടിപതികൾ തിടപ്പള്ളിയിൽ കയറി തണ്ടിന്മേൽ ഊണ് നടത്തും. കടുംപായസം കൂട്ടിയുള്ള ഊണിനുശേഷം മണിത്തറ ശുചീകരിക്കും. അതിനു ശേഷം മുതിരേരി വാൾ തിരിച്ചെഴുന്നള്ളിക്കും. ഭണ്ഡാരങ്ങൾ കാവുകളാക്കി കൂത്തമ്പലത്തിൽ വയ്ക്കുന്നതിനൊപ്പം കുടിപതികൾ സമർപ്പിക്കുന്ന തൃച്ചന്ദനപ്പൊടി അമ്മാറക്കൽ തറയിൽ അഭിഷേകം ചെയ്യും. ഇക്കരയിലേക്ക് ഭണ്ഡാരം തിരിച്ചെഴുന്നള്ളിക്കും. 

എല്ലാവരും സന്നിധാനം വിട്ടുകഴിഞ്ഞാൽ ഹവിസ് തൂകി തന്ത്രിയും മടങ്ങും. ഭണ്ഡാരം കൊട്ടിയൂരിൽ നിന്ന് മണത്തണ കരിമ്പനയ്ക്കൽ ഗോപുരത്തിലേക്ക് തിരിച്ച് എഴുന്നള്ളിക്കും. ഇന്നലെ ഉച്ചയ്ക്ക് ശീവേലി മധ്യത്തിൽ വാളാട്ടം നടത്തി. ചപ്പാരത്തെ വാളുകളുമായി മൂന്ന് വാളശ്ശൻമാരും തിരുവഞ്ചിറയിലിറങ്ങി കിഴക്കേനടയുടെ ഭാഗത്തെത്തിയാണ് വാളാട്ടം നടത്തിയത്. വാളാട്ടത്തിന് ശേഷം കുടിപതികൾ തേങ്ങയേറും നടത്തി. രാത്രി കലശ മണ്ഡപത്തിൽ തൃക്കലശാട്ടത്തിനുള്ള ചടങ്ങുകളും ആരംഭിച്ചു.

Previous Post Next Post