കോഴിക്കോട് :- സംസ്ഥാനത്ത് നിലവിൽ പുതിയ നിപ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ. പ്രതിരോധ നടപടികളുടെ ഭാഗമായി സമ്പർക്കപ്പട്ടികയിൽ ക്വാറന്റൈനിലുണ്ടായിരുന്ന മൂന്ന് പേരെക്കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ സ്രവ സാമ്പിളുകൾ വിശദമായ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. നിലവിൽ ചികിത്സയിലുള്ള രോഗിക്ക് മോണോക്ലോണൽ ആന്റിബോഡി നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. നിപ സമ്പർക്കപ്പട്ടിക കൂടുതൽ വിപുലീകരിക്കുകയും പുതുതായി 10 പേരെക്കൂടി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹൈയെസ്റ്റ് റിസ്ക് വിഭാഗത്തിൽ നാല് പേരും, ഹൈറിസ്ക് വിഭാഗത്തിൽ 16 പേരും, ലോ റിസ്ക് വിഭാഗത്തിൽ 67 പേരുമാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളതെന്നും മന്ത്രി വിവരിച്ചു. നാഷണൽ ഡിസീസ് കൺട്രോൾ സെൻ്ററിൽ (എൻ സി ഡി സി) നിന്നുള്ള വിദഗ്ധർ നാളെ ജില്ലയിൽ സന്ദർശനം നടത്തുമെന്നും മുരളീധരൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
ആരോഗ്യമന്ത്രിയുടെ അറിയിപ്പ്
കോഴിക്കോട് ജില്ലയിൽ പുതിയ നിപ കേസുകളൊന്നും റിപ്പോർട്ട് ചെയയ്തിട്ടില്ല. എന്നാൽ, ക്വാറൻ്റെനിലുള്ള മൂന്നുപേരെ നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സ്രവങ്ങൾ പരിശോധനക്കയക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളയാൾക്ക് മെഡിക്കൽ ബോർഡിന്റെ തീരുമാനപ്രകാരം ഐ.എം.സി.ആർ മാനദണ്ഡങ്ങൾ പാലിച്ച് 2 മോണോ ക്ളോണൽ ആൻ്റിബോഡി ആദ്യത്തെ ഡോസ് നൽകിയിട്ടുണ്ട്. പുതുതായി 10 പേരെ കൂടി സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഹൈയസ്റ്റ് റിസ്ക‌് വിഭാഗത്തിൽ നാലു പേരും ഹൈ റിസ്‌കിൽ 16 പേരും ലോ റിസ്കിൽ 67 പേരും ഉൾപ്പെടെ നിലവിൽ 87 പേരാണ് പട്ടികയിലുള്ളത്. നിലവിൽ സമ്പർക്ക പട്ടികയിലുള്ള എല്ലാവരെയും ദിവസം രണ്ടുനേരം കൺട്രോൾ റൂമിൽനിന്ന് വിളിച്ച് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിപ്പ റിപ്പോർട്ട് ചെയ്യപ്പെട്ട രാമനാട്ടുകര നഗരസഭയിലെ അഞ്ചാം ഡിവിഷനിലുള്ള 286 വീടുകളിൽ ആരോഗ്യ പ്രവർത്തകർ സർവേ നടത്തി. പനിയുള്ള 12 പേരെ കണ്ടെത്തി. എന്നാൽ, നിപയുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങൾ ഇവരിൽ കണ്ടെത്തിയിട്ടില്ല. രാമനാട്ടുകര നഗരസഭയിൽ ഇന്നും ആർ.ആർ.ടി യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തി. നാഷണൽ ഡിസീസ് കൺട്രോൾ സെന്ററിൽ (എൻ സി ഡി സി) നിന്നുള്ള വിദഗ്ധർ നാളെ (ജൂൺ 13) ജില്ലയിൽ സന്ദർശനം നടത്തും.
