കുറ്റ്യാട്ടൂർ:- അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച പരിപാടികൾ ശ്രദ്ധേയമായി. ചട്ടുകപ്പാറ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ, ലഹരി വിരുദ്ധ സന്ദേശം പകർന്ന് വാർഡുകൾ തമ്മിലുള്ള പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനവും വിജയികൾക്കുള്ള സമ്മാനദാനവും കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ നിർവ്വഹിച്ചു. ചടങ്ങിൽ പങ്കെടുത്തവർ ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി ലഹരിക്കെതിരായ പോരാട്ടത്തിൽ അണിചേർന്നു.
വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ടി. രാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ, ആരോഗ്യം-വിദ്യാഭ്യാസം സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം.പി. പങ്കജാക്ഷൻ സ്വാഗതവും, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.വി. കോമള നന്ദിയും പറഞ്ഞു. ശ്രീകണ്ഠപുരം റേഞ്ച് എക്സൈസ് ഓഫീസർ ജോയ് ജോസ് ചടങ്ങിൽ ആശംസകൾ നേർന്നു.
ആവേശകരമായ പെനാൽറ്റി ഷൂട്ടൗട്ട് മത്സരത്തിൽ വാർഡ് 13 (ചെമ്മാടം) ഒന്നാം സ്ഥാനവും, വാർഡ് 14 (ചെക്കിക്കുളം) രണ്ടാം സ്ഥാനവും കരസ്ഥമാക്കി.




