തിരുവനന്തപുരം :- സംസ്ഥാനത്ത് മഴ ശക്തമാകുന്നു. നാളെ വടക്കൻ ജില്ലകളിൽ റെഡ് അലർട്ട്. ഈ സീസണിലെ ആദ്യ റെഡ് അലർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ റെഡ് അലർട്ട്. മറ്റന്നാൾ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്. ഇടുക്കി, തൃശൂർ, എറണാകുളം, കോട്ടയം, പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും മഞ്ഞ അലർട്ടും പുറപ്പെടുവിച്ചു. സംസ്ഥാനത്ത് മഴ ശക്തമാകുകയാണ്.
കോട്ടയം അമ്മൻചേരിയിൽ കനത്ത മഴയിൽ വീടിന്റെ മേൽക്കൂര ഇടിഞ്ഞു വീണു. കാഞ്ഞിരംകാലയിൽ ബിനോയ് മാത്യുവിന്റെ വീടാണ് തകർന്നത്. വീട്ടിൽ ഉണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു. ബിനോയുടെ ഭാര്യ ടിനു, മക്കളായ എബിൾ, ബ്രയാൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. വെളുപ്പിനെ ആണ് അപകടം. കോഴിക്കോട് നഗരത്തിൽ രാവിലെ ഉണ്ടായത് കനത്ത കാറ്റ്. രാവിലെ പത്ത് മണിയോടെയാണ് കാറ്റ് വീശിയത്. പലയിടങ്ങളിലും മരം കടപുഴകി വീണു. കിഡ്‌സൺ കോർണറിൽ എൽഐസി ഓഫീസിന് പിറകിലേക്ക് മരം വീണു.
പ്രളയ സാധ്യത മുന്നറിയിപ്പ്
കരമനയാറ്റിലും (വെള്ളൈകടവ് സ്റ്റേഷൻ) മണിമലയാറ്റിലുമാണ് (കല്ലൂപ്പാറ സ്റ്റേഷൻ) പ്രളയ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. യെല്ലോ അലർട്ട് ആണ്. ജലനിരപ്പുയരുന്നതിനെ തുടർന്ന് കേന്ദ്ര ജല കമ്മിഷൻ ആണ് മുന്നറിയിപ്പ് നൽകിയത്. ഈ നദികളിൽ ഇറങ്ങരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
