ചട്ടുകപ്പാറ:- കേന്ദ്ര സർക്കാർ നടപ്പിലാക്കിയ രാസവള വില വർദ്ധനവ് അടിയന്തരമായി പിൻവലിക്കണമെന്ന് കേരള കർഷക സംഘം (AIKS) മയ്യിൽ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ചട്ടുകപ്പാറ ബാങ്ക് ഹാളിലെ 'സഖാവ് ടി.ഒ. നാരായണൻ നഗറിൽ' വെച്ച് നടന്ന സമ്മേളനം കർഷക സംഘം ജില്ലാ സെക്രട്ടറി എം. പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡണ്ട് എം. പ്രസാദ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ, ഏരിയ സെക്രട്ടറി പി. പവിത്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പി. പവിത്രൻ രക്തസാക്ഷി പ്രമേയവും, രജു കരിങ്കൽകുഴി അനുശോചന പ്രമേയവും അവതരിപ്പിച്ചു. സമ്മേളനത്തിന് മുന്നോടിയായി എം. പ്രസാദ് പതാക ഉയർത്തി.
സമ്മേളനത്തിൽ സംസാരിച്ച നേതാക്കൾ കാർഷിക മേഖല നേരിടുന്ന പ്രതിസന്ധികളെയും കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നയങ്ങളെയും രൂക്ഷമായി വിമർശിച്ചു. സമ്മേളനത്തിൽ വിവിധ കമ്മിറ്റികളെയും തെരഞ്ഞെടുത്തു.
AIKS കേന്ദ്ര കമ്മിറ്റി അംഗം എൻ.ആർ. സക്കീന, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. ശ്രീധരൻ, കെ.സി. മനോജ്, ജില്ലാ ജോയിന്റ് സെക്രട്ടറി പി. പ്രശാന്തൻ, ജില്ലാ കമ്മിറ്റി അംഗം എ. അശോകൻ എന്നിവർ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.




