ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ മികച്ച തിരകഥാകൃത്താക്കി PSC ബുള്ളറ്റിനിൽ ഫോട്ടോ ; മുഖ്യമന്ത്രിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്


മട്ടന്നൂർ :- ഷുഹൈബ് വധകേസ് പ്രതി ആകാശ് തില്ലങ്കേരിയെ മികച്ച തിരകഥാകൃത്താക്കി PSC ബുള്ളറ്റിനിൽ ഫോട്ടോ പ്രസിദ്ധീകരിച്ച സംഭവത്തിൽ പരാതിയുമായി യൂത്ത് കോൺഗ്രസ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ.വി മുഖ്യമന്ത്രിക്ക് പരാതി നൽകി. വീഴ്ച പറ്റിയവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി. PSC പ്രസിദ്ധീകരിച്ച ഔദ്യോഗിക പ്രസിദ്ധീകരണത്തിൽ തിരക്കഥാകൃത്ത് രാജേഷ് തില്ലങ്കേരി എന്ന വ്യക്തിയുടെ പേരിനൊപ്പം ആകാശ് തില്ലങ്കേരിയുടെ ഫോട്ടോ ഉൾപ്പെടുത്തിയത് ഗുരുതരമായ പിഴവാണ്. PSC യിലെ ഇടതുപക്ഷ അനുകൂല ഉദ്യോഗസ്ഥർ ദേശാഭിമാനി പ്രസിൽ നിന്നും പ്രസിദ്ധീകരിച്ചതാണെന്നു സംശയിക്കുന്നതായി പരാതിയിൽ പറയുന്നു. 

കഴിഞ്ഞ മേയ് 15 ന് PSC പ്രസിദ്ധീകരിച്ച ബുള്ളറ്റിന്റെ അവസാന പേജിലെ സമകാലികം കുറിപ്പിലാണ് ഗുരുതരമായ തെറ്റുള്ളത്. 49-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകളെക്കുറിച്ചുള്ള വിവരണത്തിൽ മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നേടിയ രാജേഷ് തില്ലങ്കേരിക്കു പകരം ആകാശ് തില്ലങ്കേരിയുടെ ഫോട്ടോ പ്രസിദ്ധീകരിക്കുകയായിരുന്നു. ജൂൺ 1 നും 15നും പുതിയ ബുള്ളറ്റിനുകൾ പ്രസിദ്ധീകരിച്ചിട്ടും ഫോട്ടോ മാറിയതിന് പി.എസ്.സി. തിരുത്ത് നൽകിയില്ല. PSC പരീക്ഷാ പരിശീലനങ്ങൾക്ക് ഉദ്യോഗാർഥികൾ ആശ്രയിക്കുന്ന ഔദ്യോഗിക പ്രസിദ്ധീകരണമാണ് PSC ബുള്ളറ്റിൻ.

Previous Post Next Post