ടർഫുകളുടെ പ്രവർത്തനസമയം രാത്രി 10 മണി വരെയാക്കണം - മനുഷ്യാവകാശ കമ്മിഷൻ



കണ്ണൂർ :- കോർപറേഷനിലെ എല്ലാ വാണിജ്യ സ്പോർട്‌സ് ടർഫുകളുടെയും പ്രവർത്തനസമയം രാവിലെ 5 മുതൽ രാത്രി 10 വരെ നിജപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്. കൗൺസിൽ തുടർനടപടി സ്വീകരിക്കണമെന്നും കമ്മിഷൻ നിർദേശിച്ചു. അലവിൽ പള്ളിയാംമൂലയിലെ ടർഫിനെതിരെയുള്ള പരാതിയിലാണു നടപടി. ടർഫിനു ലൈസൻസുണ്ടോയെന്ന് കോർപറേഷൻ പരിശോധിക്കണം. 

ടർഫിൽനിന്നു പന്തുകൾ പരാതിക്കാരിയായ കനകമ്മയുടെ വീട്ടിലെത്തുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്നും കമ്മിഷൻ കോർപറേഷൻ സെക്രട്ടറിക്ക് നിർദേശം നൽകി. പരാതിക്കാരിയുടെ വീടിനോടുചേർന്ന് പ്രവർ ത്തിക്കുന്ന ടർഫിൽ നിന്നും രാത്രി 10ന് ശേഷം ബഹളമോ മൈക്ക് ഉപയോഗമോ ഉണ്ടാകാതിരിക്കാൻ നിരീക്ഷണവും നടപടിയും സ്വീകരിക്കണമെന്നു കമ്മിഷൻ സിറ്റി പൊലീസ് കമ്മിഷണർക്ക് നിർദേശം നൽകി. സ്വീകരിച്ച നടപടികൾ രണ്ടു മാസത്തിനകം കമ്മിഷനിൽ സമർപ്പിക്കണം.

ടർഫുകൾ ശബ്ദമലിനീകരണ നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമാണെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ കമ്മിഷനെ അറിയിച്ചു. രാവിലെ 5നും രാത്രി 10നും ഇടയിൽ ടർഫുകളുടെ സമയം തിരുവനന്തപുരം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിജപ്പെടുത്തിയിട്ടുണ്ട്. ചില ജില്ലകളിൽ പരിമിതമായ ഇളവുകൾ അനുഭവിച്ചിട്ടുണ്ടെങ്കിലും രാത്രി 10 ശേഷം ഫ്ലഡ്‌ലിറ്റുകളോടുകൂടി ടർഫുകളുടെ പ്രവർത്തനം പൂർണമായി നിരോധിച്ചിട്ടുള്ളതായും ഉത്തരവിൽ പറഞ്ഞു.

Previous Post Next Post