രാജ്യത്ത് ഇ20 പെട്രോൾ നടപ്പാക്കിയതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്കിടെ കേന്ദ്ര സർക്കാർ പാർലമെന്റിൽ വിശദീകരണവുമായി രംഗത്തെത്തി. ഇ20 ഇന്ധനത്തിലേക്ക് മാറുന്നതിന് മുമ്പ് വിപുലമായ ശാസ്ത്രീയ പഠനങ്ങളും സാങ്കേതിക പരിശോധനകളും നടത്തിയിരുന്നുവെന്നും, ഏകദേശം 23 കോടി വാഹനങ്ങളിൽ നടത്തിയ വിലയിരുത്തലിൽ ഇ20 മൂലമുള്ള എഞ്ചിൻ തകരാറോ അസാധാരണമായ കേടുപാടുകളോ കണ്ടെത്തിയിട്ടില്ലെന്നും പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം പറയുന്നു. ഇ20 പെട്രോൾ നടപ്പാക്കിയതോടെ എഞ്ചിൻ കേടാകുന്നു, മൈലേജ് കുറയുന്നു, വാഹനത്തിന്റെ പ്രകടനം മോശമാകുന്നു തുടങ്ങിയ പരാതികൾ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ ഔദ്യോഗിക നിലപാട് വീണ്ടും വ്യക്തമാക്കിയത്.
രാജ്യത്ത് വിൽക്കുന്ന സാധാരണ പെട്രോളിൽ പരമാവധി 20 ശതമാനം എത്തനോൾ കലർത്തിയ ഇ20 ഇന്ധനമാണ് ലഭ്യമാക്കുന്നതെന്ന് സർക്കാർ അറിയിച്ചു. എന്നാൽ പ്രീമിയം പെട്രോളിന് ഇത് ബാധകമല്ല. ഇന്ത്യൻ ഓയിലിന്റെ എക്സ‌്.പി 100, ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ പവർ 100, ഭാരത് പെട്രോളിയത്തിൻ്റെ സ്‌പീഡ് 100 എന്നീ പ്രീമിയം ഇന്ധനങ്ങളിൽ എത്തനോൾ ചേർക്കുന്നില്ല. ഇവ പൂർണമായും ഇ വിഭാഗത്തിൽപ്പെടുന്നതാണെന്നും സർക്കാർ വ്യക്തമാക്കി. എന്നാൽ ഇത്തരം പ്രീമിയം ഇന്ധനത്തിൻ്റെ വിൽപ്പന രാജ്യത്തെ ആകെ പെട്രോൾ വിൽപ്പനയുടെ വെറും 0.5 ശതമാനം മാത്രമാണെന്നും മന്ത്രാലയം അറിയിച്ചു.
ഇ25 അല്ലെങ്കിൽ ഇ27 ഇപ്പോൾ പരിഗണനയിലില്ല
20 ശതമാനത്തിൽ കൂടുതൽ എത്തനോൾ കലർത്തിയ ഇ25 അല്ലെങ്കിൽ ഇ27 പെട്രോൾ അവതരിപ്പിക്കുമെന്ന പ്രചാരണങ്ങൾക്കും സർക്കാർ വിരാമമിട്ടു. നിലവിൽ ഇ20-ന് മുകളിലുള്ള എത്തനോൾ മിശ്രിതം നടപ്പാക്കാൻ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്ന് ലോക്സഭയിൽ അറിയിച്ചു. ഭാവിയിൽ ഇത്തരമൊരു തീരുമാനമെടുക്കേണ്ട സാഹചര്യമുണ്ടായാൽ, ശാസ്ത്രീയ പഠനങ്ങൾ, സാങ്കേതിക പരിശോധനകൾ, വാഹന നിർമാതാക്കൾ, എണ്ണ വിപണന കമ്പനികൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും നടപടികളെന്ന് സർക്കാർ വ്യക്തമാക്കി.
ഇ20 പെട്രോൾ എഞ്ചിന് കേടുവരുത്തുമെന്ന ആരോപണത്തെയും സർക്കാർ തള്ളി. ഇ20 നടപ്പാക്കുന്നതിന് മുമ്പ് ഓട്ടോമൊബൈൽ കമ്പനികൾ, ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ, സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്സ്, എണ്ണ വിപണന കമ്പനികൾ എന്നിവരുമായി ചേർന്ന് വിപുലമായ പഠനങ്ങൾ നടത്തിയിരുന്നുവെന്ന് മന്ത്രാലയം അറിയിച്ചു. മെറ്റീരിയലുകളുടെ അനുയോജ്യത, എഞ്ചിൻ്റെ ദീർഘകാല പ്രകടനം, ഇന്ധന സംവിധാനത്തിന്റെ പ്രവർത്തനം, ഡ്രൈവിങ് പ്രകടനം, മലിനീകരണ നിയന്ത്രണം എന്നിവയെല്ലാം പരിശോധിച്ച ശേഷമാണ് ഇ20 നടപ്പാക്കിയതെന്നും സർക്കാർ വ്യക്തമാക്കി.
ഒരു പ്രമുഖ വാഹന നിർമാതാവ് 2025-26 സാമ്പത്തിക വർഷത്തിൽ സർവീസ് നടത്തിയ 2.84 കോടി വാഹനങ്ങളിൽ, തുടക്കത്തിൽ ഇ20 സർട്ടിഫിക്കേഷൻ ലഭിക്കാത്ത 1.5 കോടി വാഹനങ്ങൾ ഉൾപ്പെട്ടിരുന്നെങ്കിലും എത്തനോൾ മൂലമുള്ള കേടുപാടുകൾ കണ്ടെത്തിയില്ലെന്ന് സർക്കാർ അറിയിച്ചു. മറ്റൊരു പ്രമുഖ വാഹന നിർമാതാവിന്റെ 1.4 കോടി ഇ20 വാഹനങ്ങളിൽ നിന്നുള്ള ദീർഘകാല വിവരങ്ങളിലും സമാനമായ ഫലമാണ് ലഭിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി.
പെട്രോൾ പമ്പുകളിൽ ഇ20 എന്ന് പ്രത്യേകം രേഖപ്പെടുത്താത്തത് സംബന്ധിച്ച ചോദ്യത്തിനും സർക്കാർ മറുപടി നൽകി. പൊതുമേഖലാ എണ്ണക്കമ്പനികളുടെ പമ്പുകളിൽ സാധാരണ പെട്രോളായി ലഭിക്കുന്നത് മുഴുവൻ ഇ20 ആണെന്നും, ഇ0 അല്ലെങ്കിൽ ഇ10 പെട്രോൾ പ്രത്യേകം വിൽക്കുന്നില്ലെന്നും സർക്കാർ അറിയിച്ചു. അതേസമയം, 85 ശതമാനം എത്തനോൾ അടങ്ങിയ ഇ85 ഇന്ധനം ലഭ്യമാക്കുന്ന പമ്പുകളിൽ അത് വ്യക്തമായി രേഖപ്പെടുത്തുന്നുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി. കാരണം, ഇ85 ഇന്ധനം ഫ്ലെക്സസ്-ഫ്യൂവൽ വാഹനങ്ങൾക്ക് മാത്രമാണ് അനുയോജ്യമെന്നും സാധാരണ പെട്രോൾ വാഹനങ്ങളിൽ ഉപയോഗിക്കാൻ കഴിയില്ലെന്നും മന്ത്രാലയം വിശദീകരിച്ചു. ഇ20 പെട്രോൾ സംബന്ധിച്ച എല്ലാ തീരുമാനങ്ങളും ശാസ്ത്രീയ പഠനങ്ങളുടെയും വ്യാപകമായ സാങ്കേതിക പരിശോധനകളുടെയും അടിസ്ഥാനത്തിലാണെന്നും, നിലവിൽ ഇ20 മൂലം എഞ്ചിൻ തകരാറുണ്ടാകുന്നതായി സ്ഥിരീകരിക്കപ്പെട്ട തെളിവുകളൊന്നും സർക്കാരിന്റെ പക്കലില്ലെന്നുമാണ് പാർലമെന്റിൽ കേന്ദ്ര സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയത്.
