കണ്ണൂർ :- പൊതുസ്ഥലങ്ങളിൽ ഹോട്ടൽ മാലിന്യം തള്ളുന്നത് തടയാൻ നഗരത്തിൽ ശക്തമായ നിരീക്ഷണവുമായി കോർപ്പറേഷൻ. രാത്രി മുഴുവൻ ക്യാമറക്കണ്ണുകളും ഫീൽഡ് സ്ക്വാഡുകളും ജാഗ്രതയിലാണ്. നിലവിൽ കോർപ്പറേഷൻ്റെ വിവിധ ഭാഗങ്ങളിലായി പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നത് നിരീക്ഷിക്കാൻ 90-ഓളം സി.സി.ടി.വി ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിലൂടെ വൈകുന്നേരം 5 മണി മുതൽ പുലർച്ചെ വരെ തുടർച്ചയായ നിരീക്ഷണം നടക്കുന്നുണ്ട്. ക്യാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് സംശയകരമായ നീക്കങ്ങൾ ഉടൻ കണ്ടെത്താനും നടപടിയെടുക്കാനും സംവിധാനമുണ്ട്. അതോടൊപ്പം നഗരത്തിലെ വിവിധ സോണുകളിലായി 10 സ്ക്വാഡുകൾ വീതം ഫീൽഡ് നിരീക്ഷണവും നടത്തുന്നുണ്ട്. ഹെൽത്ത് ഇൻസ്പെക്ടർമാർ ഉൾപ്പെട്ട ഈ സ്ക്വാഡുകൾ പ്രധാന റോഡുകൾ, മാർക്കറ്റുകൾ, താമസമേഖലകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തുന്നു. നിയമലംഘനം കണ്ടെത്തിയാൽ നടപടിയും ഉറപ്പാക്കുന്നുണ്ട്.
പൊതുജനങ്ങൾക്കും പരാതി നൽകാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. കെ-സ്മാർട്ട് സൈറ്റ് വഴി ഏതുസമയത്തും മാലിന്യം സംബന്ധിച്ച പരാതികൾ രേഖപ്പെടുത്താം. കേരള മുനിസിപ്പാലിറ്റി നിയപ്രകാരമാണ് നടപടി. ആദ്യ തവണ പിടിക്കപ്പെട്ടാൽ 5000 രൂപ വരെയാണ് പിഴ. ആവർത്തിച്ചാൽ പിഴ കൂടും. കടുത്ത ലംഘനങ്ങൾക്ക് ഹോട്ടലിൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും സാധ്യതയുണ്ട്. നിലവിൽ ചട്ടം ലംഘിച്ച് മാലിന്യം തള്ളിയ രണ്ട് ഹോട്ടലുകൾക്കെതിരേ നടപടി സ്വീകരിച്ചു. സമീപത്തെ ഓവുചാലിലേക്ക് മാലിന്യമൊഴുക്കിയതിന് തെക്കിബസാറിലെ ഇന്ത്യൻ കോഫീ ഹൗസിനും സമീപത്തെ കിണറിലേക്ക് മാലിന്യം തള്ളിയതിന് വാരത്തെ സെലക്ട് ഹോട്ടലിനെതിരെയുമാണ് നടപടിയെടുത്തത്. ലഭിക്കുന്ന പരാതികൾക്ക് ഉടൻ അന്വേഷണവും നടപടിയും ഉണ്ടാകുമെന്ന് ക്ലീൻ സിറ്റി മാനേജർ ഷൈൻ പി.ജോസ് പറഞ്ഞു. മാലിന്യം പൊതുസ്ഥലങ്ങളിൽ തള്ളുന്നത് ഒഴിവാക്കണം. നിലവിലുള്ള നിരീക്ഷണം തുടരും. പരാതി കിട്ടിയാൽ അന്വേഷിക്കും. തെറ്റ് ചെയ്യുന്നവർക്കെതിരേ കൃത്യമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
