തിരുവനന്തപുരം :- ലഹരിക്കെതിരേയുള്ള പോലീസിൻ്റെ ഓപ്പറേഷൻ തൂഫാനായി സ്ഥിരം ദൗത്യസംഘം വരുന്നു. ജില്ലാതലത്തിലും സബ്ഡിവിഷൻ തലത്തിലും പ്രത്യേക ദൗത്യസംഘങ്ങൾ രൂപവത്കരിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പോലീസ് ജില്ലാതലത്തിൽ നർക്കോട്ടിക് ഡിവൈ.എസ്.പിക്കായിരിക്കും ചുമതല. 20 പോലീസ് ജില്ലകളിലും ഇതിനായി പ്രത്യേക സംവിധാനമൊരുക്കും. പെരുമ്പാവൂരിൽ ലഹരിവിൽപ്പനക്കാരെന്നു മുദ്രകുത്തി മൂന്നു യുവാക്കളുടെ തലമൊട്ടയടിച്ച സംഭവം അംഗീകരിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു.
ലഹരി ഉത്പന്നങ്ങളുടെ ഒഴുക്കു തടയാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ഏകോപനത്തിനായി എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥരെ നോഡൽ ഓഫീസർമാരായി നിയമിക്കും. മന്ത്രിയുടെ അധ്യക്ഷതയിൽച്ചേർന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. പത്ത് എൻ.ഡി. പി.എസ്. കോടതികൾകൂടി ആരംഭിക്കും. ഇതു കൂടാതെ തിരുവനന്തപുരത്തും എറണാകുളത്തും രണ്ട് കോടതികൾ തുടങ്ങാനുള്ള നടപടികളായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
