ദില്ലി :- വന്ദേമാതരത്തെ അപമാനിച്ചാൽ തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്നതടക്കം സുപ്രധാന ബില്ലുകൾ പാർലമെൻ്റിന്റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ. ക്രൈസ്തവ സംഘടനകളുടെ വലിയ പ്രതിഷേധത്തിനിടയാക്കിയ എഫ് സി ആർ എ ഭേദഗതി ബില്ലും ഈ സമ്മേളനത്തിൽ മോദി സർക്കാർ അവതരിപ്പിക്കും. ഭരണഘടന ഭേദഗതി ബിൽ പാസാക്കാനുള്ള മൂന്നിൽ രണ്ട് ഭൂരിപക്ഷം ലോക് സഭയിലുറപ്പാക്കാനുള്ള തീവ്ര നീക്കത്തിലാണ് ബിജെപി.
പ്രിവൻഷൻ ഓഫ് ഇൻസൾട്‌സ് ടു നാഷണൽ ഓണർ അമെന്റ്മെന്റ് ബില്ല് 2026 എന്ന പേരിലാകും വന്ദേമാതരത്തെ അപമാനിച്ചാൽ ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്ല് കൊണ്ടുവരിക. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിക്കും. വന്ദേ മാതരം പാടുന്നത് തടസപ്പെടുത്തുകയോ ആലപിക്കുന്നതിനിടെ ശല്യമുണ്ടാക്കുകയോ ചെയ്‌താൽ മൂന്ന് വർഷം തടവോ പിഴയോ രണ്ടും കൂടിയോ വ്യവസ്ഥ ചെയ്യുന്നതാകും ബില്ല്. ദേശീയ ഗാനത്തെ അപമാനിച്ചാലുള്ള ശിക്ഷ എന്താണോ അതിന് സമാനം. നിലവിൽ ശിക്ഷയൊന്നും വ്യവസ്ഥ ചെയ്തിരുന്നില്ല. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം ക്ലിയറൻസ് നൽകിയതോടെയാണ് ബില്ല് പാർലമെന്റിലേക്ക് എത്തുന്നത്. വലിയ പ്രതിഷേധത്തിനിടയാക്കിയ എഫ് സി ആർ എ ഭേദഗതി ബില്ല് എത്തുന്നതോടെ പാർലമെന്റ് പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പാണ്.
ഹാനികരമായി ഒന്നും സംഭവിക്കില്ലെന്ന് സിബിസിഐ നേതൃത്വത്തിന് അമിത് ഷാ ഉറപ്പ് നൽകിയിരുന്നു. പുതിയ നീക്കത്തിൽ സിബിസിഐ നേതൃത്വം പ്രതിഷേധം അറിയിച്ചേക്കും. ഇതൊടൊപ്പം ഇൻകം ടാക്സ് ഭേദഗതി ബിൽ, സുപ്രീംകോടതിയിലെ ജഡ്‌ജിമാരുടെ എണ്ണം 34ൽ നിന്ന് 38 ആയി ഉയർത്തിയ ഓർഡിനൻസിന് പകരമുള്ള ബിൽ, ജനനമരണ രജിസ്ട്രഷൻ ഭേദഗതി ബില്ല്, ഉന്നത വിദ്യാഭ്യാസ കമ്മീഷൻ ബില്ല് എന്നിവയും അവതരിപ്പിക്കും. അതേസമയം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്ന മണ്ഡല പുനർനിർണ്ണയ ബില്ല്, മുപ്പത് ദിവസം ജയിലിൽ കിടന്നാൽ പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, മന്ത്രിമാർ എന്നിവരെ അയോഗ്യരാക്കാൻ വ്യവസ്ഥ ചെയ്യുന്ന 130-ാം ഭരണഘടന ഭേദഗതി ബില്ല് എന്നിവ സമ്മേളന അജണ്ടയിൽ തൽക്കാലം ഇല്ല.
ഭരണഘടന ബില്ലുകൾ പാസാകണമെങ്കിൽ സർക്കാരിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം ലോക്സഭയിൽ ഉറപ്പാക്കാൻ 360 എംപിമാരുടെ പിന്തുണയാണ് വേണ്ടത്. 292 ആണ് എൻഡിഎയുടെ നിലവിലെ അംഗബലം. 20 തൃണമൂൽ വിമതരും 6 ശിവസേന ഉദ്ധവ് വിമതരും ഡിഎംകെയുടെ 22 പേരും 8 ശരദ് പവാർ പക്ഷ എൻസിപിക്കാർ കൂടി ചേർന്നാൽ 348 പേരാകുകേയയുള്ളൂ. 12 പേരുടെ കുറവ് പരിഹരിക്കാൻ ചെറുപാർട്ടികളുടെയും സ്വതന്ത്ര എംപിമാരുടെ കൂടി പിന്തുണ ഉറപ്പാക്കേണ്ടി വരും.
