ഓണക്കാലം ലക്ഷ്യമിട്ടെത്തിയ വിഭവങ്ങൾ നടുക്കടലിൽ ; കണ്ടെയ്നറുകൾ കുടുങ്ങിക്കിടക്കുന്നു


കൊച്ചി :- ഓണക്കാലം ലക്ഷ്യമിട്ട് കപ്പൽ കയറിയ വിഭവങ്ങൾ നടുക്കടലിൽ കണ്ടെയ്നറുകളിൽ കെട്ടിക്കിടക്കുന്നു. ഹോർമുസ് പ്രതിസന്ധി മൂലം ബർത്ത് കിട്ടാതെ കപ്പലുകൾ നിരയായി കാത്തുകിടക്കുന്ന കാഴ്‌ചയാണ് കൊളംബോയിലും ജിദ്ദയിലും ജബൽഅലിയിലുമെല്ലാം. കൊച്ചിയിൽ നിന്നു ഫീഡർ കപ്പലുകളിൽ കയറ്റുന്ന കണ്ടെയ്നറുകൾ കൊളംബോയിലും മറ്റു തുറമുഖങ്ങളിലും എത്തിച്ച് മദർ കപ്പലുകളിൽ കയറ്റുന്നതാണു രീതി. കുവൈത്തിലേക്ക് ചരക്ക് എത്തിക്കാൻ കൊളംബോ വഴി 12 ദിവസം മതിയായിരുന്നു യുദ്ധത്തിനു മുൻപ്. എത്തിയാൽ എത്തിയെന്നതാണു ഇപ്പോഴത്തെ സ്‌ഥിതി.

ജൂൺ എട്ടിന് കൊച്ചിയിൽ നിന്നു കുവൈത്തിലേക്കു പോയ കപ്പൽ കൊളംബോയിൽ ബർത്ത് കിട്ടാൻ ഇപ്പോഴും ഊഴംകാത്തു കിടക്കുന്നു. ഹോർമുസ് ഒഴിവാക്കാൻ ഖോഫർഖാൻ, ഫുജൈറ തുറമുഖങ്ങളിൽ ചരക്കെത്തിച്ച് റോഡ് മാർഗം ട്രെയ്ലറുകളിൽ ഗൾഫ് നഗരങ്ങളിലേക്കു കൊണ്ടുപോകുന്നുണ്ടെങ്കിലും കാലതാമസത്തിനു കുറവില്ല. ഓണത്തിനു വേണ്ട ഉപ്പേരികൾ, ശീതീകരിച്ച സദ്യ പാക്കറ്റുകൾ, പായസം, അവിയൽ, തോരൻ, സാമ്പാർ എന്നിവയെല്ലാം കണ്ടെയ്നറുകളിലുണ്ട്. ഗൾഫ് രാജ്യങ്ങളിലേക്കും അയർ ലൻഡ്, ഓസ്ട്രേലിയ, യുഎസ്, യുകെ, കാനഡ തുടങ്ങി മലയാളികൾ ധാരാളമുള്ള രാജ്യങ്ങളിലേക്കും കപ്പൽ വഴിയുള്ള കയറ്റുമതി അനിശ്ചിതത്വത്തിലാണ്. പകരം സാധന ങ്ങൾ വിമാനങ്ങളിലൂടെ എത്തിക്കാൻ ശ്രമിക്കുകയാണ് പല കമ്പനികളും. കപ്പൽ കടത്തു കൂലിയിൽ യുദ്ധത്തിനു മുൻപുണ്ടായിരുന്നതിന്റെ നാലിരട്ടിയാണു വർധന.

Previous Post Next Post