പയ്യന്നൂർ :- ട്രെയിൻ യാത്രയ്ക്കിടയിൽത്തന്നെ ഇഷ്ടമുള്ള സാധനങ്ങൾ വാങ്ങി ഷോപ്പിങ് നടത്താനുള്ള പുതിയ പദ്ധതി വന്ദേഭാരത് എക്സ്പ്രസ് കോച്ചുകളിൽ ആരംഭിച്ചു. മംഗളൂരു - ഗോവ വന്ദേഭാരതിലും (20646) ഗോവ - മംഗളൂരു വന്ദേഭാരതിലുമാണ് (20645) ചൊവ്വാഴ്ച മുതൽ എഫ്.എം.സി.ജി. (Fast-Moving Consumer Goods) ഉൽപ്പന്നങ്ങളുടെ വിൽപ്പനയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. പ്രമുഖ കമ്പനികളുടെ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ യാത്രക്കാരുടെ ഇരിപ്പിടങ്ങൾക്ക് മുന്നിലേക്ക് നേരിട്ടെത്തിക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ആദ്യ ദിവസം കളിപ്പാട്ടങ്ങൾ, മാലയും കമ്മലും ഉൾപ്പെടെയുള്ള ആഭരണങ്ങൾ, പെർഫ്യൂം, സ്റ്റേഷനറി സാധനങ്ങൾ എന്നിവയാണ് യാത്രക്കാരുടെ അരികിലെത്തിച്ചത്. കൂടാതെ, ഓഗസ്റ്റ് ഒന്നു മുതൽ യാത്രക്കാർക്ക് വാങ്ങാനായി പുസ്തകങ്ങളും ട്രെയിനുകളിൽ ലഭ്യമാക്കുമെന്ന് പദ്ധതിയുടെ സംരംഭകരായ പയ്യന്നൂർ സ്വദേശികളായ ഹരികൃഷ്ണനും എ. സാജിദും പറഞ്ഞു. ആദ്യ ദിനത്തിൽത്തന്നെ പദ്ധതിക്ക് യാത്രക്കാരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ഇരുവരും കൂട്ടിച്ചേർത്തു.
