കണ്ണൂർ ടൗണിലെ ട്രാഫിക് സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമത ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തണം - മനുഷ്യവകാശ കമ്മീഷൻ


കണ്ണൂർ :- ജില്ലാ പോലീസ് മേധാവി, മുൻസിപ്പൽ കോർപ്പറേഷൻ സെക്രട്ടറി, ആർ.ടി.ഒ എന്നിവർ സംയുക്തമായി നഗരത്തിലെ താണ, കാൾട്ടെക്സ് ജംഗ്ഷൻ ഉൾപ്പെടെയുള്ള അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ ട്രാഫിക് സുരക്ഷ സംവിധാനങ്ങളുടെ കാര്യക്ഷമത വിലയിരുത്തി സുരക്ഷാ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

ട്രാഫിക് സിഗ്നലുകൾ പൂർണ സമയവും കാര്യക്ഷമമാണെന്ന് ഉറപ്പാക്കണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശിച്ചു. സീബ്രാ ക്രോസിംഗുകൾ, മുന്നറിയിപ്പ് ബോർഡുകൾ, ദിശാ സൂചികകൾ, വേഗ നിയന്ത്രണ സംവിധാനങ്ങൾ, കോൺവെക്സ് മിററുകൾ, റമ്പിൾ സ്ട്രിപ്പുകൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ആവശ്യമുള്ളിടത്ത് സമയബന്ധിതമായി സ്ഥാപിച്ച് പരിപാലിക്കണമെന്ന് ഉത്തരവിൽ പറഞ്ഞു.

കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകി സ്ക്കൂളുകൾ, ആശുപത്രികൾ, മാർക്കറ്റുകൾ, ബസ് സ്റ്റേഷൻ എന്നിവയ്ക്ക് സമീപമുള്ള പ്രദേശങ്ങളിൽ പ്രത്യേക ട്രാഫിക് നിയന്ത്രണവും പോലീസ് നിരീക്ഷണവും ശക്തിപ്പെടുത്തണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. അമിതവേഗം, അപകടകരമായ ഓവർടേക്കിംഗ്, മദ്യപിച്ച് വാഹനമോടിക്കൽ സീബ്രാ ക്രോസിംഗുകളിൽ കാൽനടയാത്രക്കാർക്ക് മുൻഗണന നൽകാതിരിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾക്കെതിരെയുള്ള പ്രത്യേക പരിശോധനകളും നിയമനടപടികളും ശക്തിപ്പെടുത്തണം. 

 ജില്ലാ റോഡ് സുരക്ഷാ സമിതിയും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തണം. ജില്ലാ പോലീസ് മേധാവി, കോർപ്പറേഷൻ സെക്രട്ടറി, ആർ.ടി.ഒ. എന്നിവർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ രണ്ടുമാസത്തിനകം കമ്മീഷനെ അറിയിക്കണം. കണ്ണൂർ നഗരത്തിൽ വാഹനാപകടങ്ങൾ വർദ്ധിക്കുന്നതിനെതിരെ പൊതുപ്രവർത്തകനായ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി. 


              

Previous Post Next Post