കണ്ണൂർ :- പ്ലാസ്റ്റിക് മദ്യക്കുപ്പികൾ തിരിച്ചെടുക്കുന്ന പദ്ധതി വഴി ബെവ്കോയിൽ എത്തിയത് 1,54,92,048 മദ്യക്കുപ്പികൾ. 1,92,88,734 കുപ്പികൾ വിറ്റതിൽ നിന്നാണ് 1.54 കോടി കുപ്പികൾ തിരികെ ബെവ്കോ ചില്ലറ വില്പനശാലകളിലെത്തിയത്. ഈ മാസം 21 വരെയുള്ള കണക്കു പ്രകാരമാണിത്. 2025 സെപ്റ്റംബറിൽ തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ 10 വീതം വില്പനശാലകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി തുടങ്ങിയത്. തിരുവനന്തപുരത്ത് വിറ്റഴിച്ച 89,55,424 കുപ്പികളിൽ 73,18,061 എണ്ണവും കണ്ണൂരിൽ 1,03,33,310 കുപ്പികളിൽ 81,73,987 എണ്ണവും തിരികെ ലഭിച്ചു.
പ്ലാസ്റ്റിക് കുപ്പികളിൽ വിൽക്കുന്ന മദ്യത്തിന് 20 രൂപ അധികം ഈടാക്കുകയും കുപ്പി തിരികെ എത്തിക്കുമ്പോൾ ഇത് മടക്കി നൽകുന്നതുമാണ് പദ്ധതി. പ്രതിവർഷം സംസ്ഥാനത്ത് 80 കോടി മദ്യക്കുപ്പികളാണ് വിറ്റഴിക്കുന്നത്. ഇത്തരത്തിലുള്ള പ്ലാസ്റ്റിക് കുപ്പികൾ വലിച്ചെറിഞ്ഞുണ്ടാകുന്ന പരിസ്ഥിതി നശീകരണം ഒഴിവാക്കാനാണ് തമിഴ്നാട് മാതൃകയിലുള്ള പദ്ധതി കേരളത്തിലും നടപ്പാക്കിയത്. ക്ലീൻ കേരള കമ്പനിയു മായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. പ്ലാസ്റ്റിക് കുപ്പികളിൽ തിരിച്ചറിയാനായി പ്രത്യേകം സ്റ്റിക്കറുകൾ പതിച്ചാണ് വിൽപ്പന. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ 20 വില്പനശാലകൾക്ക് പുറമേ പദ്ധതി സംസ്ഥാനം മുഴുവൻ നടപ്പാക്കുന്നുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും മറ്റ് ജില്ലകളിലേക്കോ വില്പനശാലകളിലേക്കോ വ്യാപിപ്പിച്ചിട്ടില്ല.
