മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ വള്ളിയോട്ട് - പാലച്ചാൽ റോഡ് അപകടാവസ്ഥയിൽ. റോഡിന്റെ കയറ്റത്തിൽ കോൺക്രീറ്റ് ചെയ്ത ഭാഗവും തുടർന്നുള്ള കൽപ്പടവുകളും വഴുക്കൽ കെട്ടി അതീവ അപകടാവസ്ഥയിലാണുള്ളത്. റോഡിൻ്റെ ഏറെഭാഗവും ടാർ ചെയ്ത് സഞ്ചാരയോഗ്യമാണെങ്കിലും ചരിവുള്ള അവസാനഭാഗം കോൺക്രീറ്റ് ചെയ്തതും റോഡിന്റെ ബാക്കി കൽപ്പടവുകളുമാണുള്ളത്.
കാവിന്മൂല, വള്ളിയോട്ട്, തായംപൊയിൽ പ്രദേശങ്ങളിലുള്ളവരും, മറ്റു പ്രദേശങ്ങളിൽ നിന്ന് വാഹനങ്ങൾക്കു വരുന്നവരും മയ്യിൽ വില്ലേജ് ഓഫീസ്സിലും കൊട്ടപ്പൊയിൽ, പെരുമാച്ചേരി ഭാഗങ്ങളിലേക്കും തിരിച്ചും പോയിവരുന്നതിന് സ്ഥിരമായി ഉപയോഗിച്ചുവരുന്ന എളുപ്പ വഴിയാണിത്. എന്നാൽ അപകടസാധ്യത കാരണം പലരും ഇതുവഴി യാത്ര ചെയ്യുവാൻ ഭയപ്പെടുകയാണ്.
കോൺക്രീറ്റ് റോഡിന്റെ ഒരു വശത്തും കൽപ്പടവുകളുടെ നടുവിലുമായി കൈത്താങ്ങ് സ്ഥാപിച്ചുകൊണ്ട് പതിയിരിക്കുന്ന അപകടം ഒഴിവാക്കുന്നതിന് ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പി.സി കൃഷ്ണൻ്റെ നേതൃത്വത്തിൽ നാട്ടുകാർ ഗ്രാമപഞ്ചായത്ത് അധികൃതർക്ക് നിവേദനം സമർപ്പിച്ചിട്ടുണ്ട്.
