തിരുവനന്തപുരം :- ഇന്ന് ജൂലൈ 29 അന്താരാഷ്ട്ര കടുവ ദിനം. കടുവകളുടെ സ്വാഭാവിക ആവാസ വ്യവസ്ഥകൾ സംരക്ഷിക്കുന്നതിന് പൊതുജനങ്ങളിൽ അവബോധം സൃഷ്‌ടിക്കുകയും പിന്തുണ ഉയർത്തുകയും ആഗോള സംവിധാനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ ദിവസിൻ്റെ ലക്ഷ്യം. പതിമൂന്ന് രാജ്യങ്ങൾ ഒത്തുചേർന്ന സെന്റ് പീറ്റേഴ്സ്ബർഗ് കടുവ ഉച്ചകോടിയിലാണ് ആദ്യമായി അന്താരാഷ്ട്ര കടുവ ദിനം തുടക്കം കുറിക്കുന്നത്. പന്തേര ടൈഗ്രിസ് കുടുംബത്തിലെ അംഗമാണ് കടുവകൾ. ഈ കുടുംബത്തിലെ ഏറ്റവും ശക്തിയേറിയവരാണ് ഇവർ.
കേളത്തിലെ വനങ്ങളിൽ 20 വർഷത്തിനിടെ കടുവകളുടെ എണ്ണം നാലിരട്ടിയായി. 2006 ൽ 46 കടുവകൾ. 2022 ൽ നടത്തിയ കണക്കെടുപ്പിൽ എണ്ണം 213 ആയി. 10 വർഷത്തിനിടെ കടുവകളുടെ എണ്ണം 136 ൽ നിന്ന് 213 ആയി ഉയർന്നതായി വനം വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. വയനാട്, പെരിയാർ, പറമ്പിക്കുളം മേഖലകളാണ് പ്രധാന ആവാസകേന്ദ്രങ്ങൾ. കൂടുതൽ വയനാട്ടിലാണെങ്കിലും, 2018 ൽ വയനാട് മേഖലയിൽ 120 കടുവകളുണ്ടായിരുന്നത് 2022 ലെ കണക്കെടുപ്പിൽ 80 ആയി കുറഞ്ഞു. കടുവകളുടെ അതിർത്തി കടന്നുള്ള സഞ്ചാരമാണ് ഇതിനു കാരണം. വനസംരക്ഷണം ശക്തമായതും വേട്ട നിയന്ത്രിക്കാൻ കഴിഞ്ഞതുമാണ് കടുവകളുടെ എണ്ണം കൂടാൻ കാരണം. രാജ്യത്ത് 4 വർഷത്തിലൊരിക്കലാണ് സമഗ്രമായ ദേശീയ കടുവ കണക്കെടുപ്പ് നടത്തുന്നത്. ഈ വർഷത്തെ കണക്ക് ഇതുവരെ പുറത്തുവന്നിട്ടില്ല.
