ഓണം സീസൺ തുടങ്ങും മുൻപേ പച്ചത്തേങ്ങയ്ക്കു വില കൂടിത്തുടങ്ങി


കണ്ണൂർ :-  ഓണം സീസൺ തുടങ്ങും മുൻപേ പച്ചത്തേങ്ങയ്ക്കു വില കൂടിത്തുടങ്ങി. കേരഫെഡ് കഴിഞ്ഞയാഴ്‌ച ഒരു കിലോഗ്രാമിന് 51 രൂപയ്ക്ക് സംഭരിച്ച പച്ചത്തേങ്ങയ്ക്ക് ചൊവ്വാഴ്ച‌ വില 59 രൂപയാക്കി. പൊതുവിപണിയിൽ കിലോഗ്രാമിന് 55 രൂപയാണ് വില. ഒരാഴ്‌ചകൊണ്ട് കേരഫൈഡ് 8 രൂപ കൂട്ടിയപ്പോൾ പൊതുവിപണിയിൽ 5 രൂപ കൂടി. ഓണം അടുക്കുന്നതോടെ വില ഇനിയും കൂടുമെന്ന് വ്യാപാരികൾ പറയുന്നു. എന്നാൽ, തേങ്ങ ഉൽപാദനം കുറയുന്നതിനാൽ കേരളത്തിലെ കർഷകർക്കു കാര്യമായ നേട്ടം കിട്ടുന്നില്ല. തമിഴ്‌നാടിനാണ് നേട്ടം.

ഓണക്കാലത്ത് വെളിച്ചെണ്ണയുടെ ആവശ്യം കൂടുന്നതാണ് പച്ചത്തേങ്ങ വില വർധനയ്ക്കു പ്രധാന കാരണം. തമിഴ്‌നാട്ടിൽനിന്നുള്ള വരവു കുറയുന്നതും ഇവിടെ പച്ചത്തേങ്ങ വില വർധിക്കാൻ കാരണമായി. കഴിഞ്ഞ ഓണക്കാലത്ത് വില കിലോഗ്രാ മിന് 78 രൂപ വരെയെത്തിയെങ്കിലും ആവശ്യത്തിനു തേങ്ങ ലഭിച്ചിരുന്നില്ല. തമിഴ്‌നാട്ടിൽ നിന്നുള്ള കൊപ്ര വ്യാപാരികളാണ് നേട്ടമുണ്ടാക്കിയത്. കേരളത്തിലെ ആവശ്യം ഉയരുമെന്നു കണ്ട് കൊപ്ര പൂഴ്ത്തിവയ്ക്കുന്നതു പതിവാണ്. ഇക്കുറിയും തമിഴ്‌നാട്ടിൽനിന്നുള്ള കൊപ്ര വരവ് കുറഞ്ഞത് പൂഴ്ത്തിവയ്‌പു കാരണമാണെന്ന് വ്യാപാരികൾ പറയുന്നു.

Previous Post Next Post