മലപ്പുറം :- പെരിന്തൽമണ്ണയിൽ ഒരുവയസ്സും മൂന്നുമാസവും മാത്രം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തിൽ കുടുങ്ങി കിടന്ന പാവയുടെ വിസിൽ പുറത്തെടുത്തു. ചെർപ്പുളശേരി സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിന്റെ ശ്വാസകോശത്തിൽ കുടുങ്ങിക്കിടന്ന വിസിലാണ് മൗലാന ആശുപത്രിയിൽ വച്ച് ബ്രോങ്കോസ്കോപി സംവിധാനത്തിലൂടെ നീക്കം ചെയ്തത്. ഒരു മാസത്തിലധികമായി പലപ്പോഴായി ശ്വാസതടസ്സം നേരിട്ടിരുന്ന കുട്ടി വിവിധ ആശുപത്രികളിൽ ചികിത്സ ലഭ്യമാക്കിയിട്ടും ഭേദമായിരുന്നില്ല. തുടർന്നാണ് പീഡിയാട്രിക് ക്രിട്ടിക്കൽ കെയർ മേധാവി ഡോ. ദിപുവിന്റെ ചികിത്സക്കായി എത്തിയത്. സി ടി സ്കാൻ പരിശോധനയിൽ കുട്ടിയുടെ ഇടതു ശ്വാസകോശത്തിലേക്കുള്ള വായു സഞ്ചാരത്തിൽ കാര്യമായി തടസ്സമുള്ളതായും ശ്വാസകോശത്തിൽ അവ്യക്തമായ ഒരു സാധനം കുടുങ്ങിക്കിടക്കുന്നതായും കണ്ടെത്തി.
തുടർന്ന് ഇന്റർവെൻഷണൽ പൾമണോളജിസ്റ്റ് ഡോ. നിമിഷ, അനസ്തേഷ്യ വിഭാഗം കൺസൾട്ടന്റ് ഡോ. സുധാകർ എന്നിവരുടെ നേതൃത്വത്തിൽ ബ്രോങ്കോസ്കോപ്പി സംവിധാനത്തിലൂടെ കുട്ടിയുടെ ശ്വാസകോശത്തിൽ കുടുങ്ങിക്കിടന്ന പാവയുടെ വിസിൽ നീക്കം ചെയ്യുകയായിരുന്നു. കുട്ടി അപകടനില തരണം ചെയ്തുതുവരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. റെസിഡന്റ്സ് ഡോ. അനിഷ, ഡോ. അജ്‌മി ചികിത്സയിൽ റേഡിയോളജിസ്റ്റ് ഡോ. ഷൈൻ സെബാസ്റ്റ്യൻ, പീഡിയാട്രിക് എന്നിവരും പങ്കെടുത്തു.
