തിരുവനന്തപുരം :- വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. അവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികളും, പരിക്കേറ്റവർക്ക് ചികിത്സാ സഹായത്തിനുള്ള നടപടികളും സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജാർഖണ്ഡ് സ്വദേശിയായ തൊഴിലാളി അൻമോൽ റായ്, ബിഹാർ സ്വദേശിയായ സിവിൽ ഫോർമാൻ ബികാഷ് കുമാർ സിങ്, മധ്യപ്രദേശ് സ്വദേശിയായ ഓപ്പറേറ്റർ ചന്ദ്ര പാൻ പാൽ എന്നിവരാണ് മരിച്ചത്. ദുരന്തത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റിരുന്നു. ഇവരെല്ലാം ചികിത്സയിലാണ്. അഞ്ച് പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.
മീനാക്ഷി പാലത്തിന് സമീപമുണ്ടായ മണ്ണിടിച്ചിൽ മരണസംഖ്യ ഉയരുമെന്നാണ് റിപ്പോർട്ട്. അതേസമയം ദുരന്തത്തെക്കുറിച്ചും ദുരന്തസാധ്യതകളെക്കുറിച്ചും സാങ്കേതിക, നിയമപര തലങ്ങളിൽ രണ്ട് ഘട്ടങ്ങളിലായി അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ദുരന്തസ്ഥലത്തിന് മുകളിലായി മറ്റൊരു ഉരുൾപൊട്ടൽ ഉണ്ടായെന്ന പ്രാഥമിക റിപ്പോർട്ടുകളും പരിശോധിക്കും. അപകടസാധ്യതകൾ പൂർണമായി വിലയിരുത്തിയ ശേഷമേ നിർത്തിവച്ചിരിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കൂവെന്നും വിഡി സതീശൻ അറിയിച്ചു. കള്ളാടി മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. വയനാട് -കള്ളാടി തുരങ്ക പാതയുടെ പണികൾ നടക്കുന്ന സ്ഥലത്തായിരുന്നു അപകടം. പാലത്തിനടുത്തുള്ള കുന്ന് ഇടിഞ്ഞ് നിർമാണ സ്ഥലത്തേക്ക് വീഴുകയായിരുന്നു. തൊഴിലാളികളുമായി വന്ന രണ്ട് ബസുകളും മണ്ണിനടിയിൽപ്പെട്ടു. തുരങ്ക പാതയ്ക്കായി കെട്ടി ഉണ്ടാക്കിയ കോൺക്രീറ്റ് മതിലും ഇടിഞ്ഞുവീണിരുന്നു..
