മയ്യിൽ ടൗണിൽ സ്കൂളിന് മുന്നിലെ റോഡിൽ സീബ്രാലൈനുകൾ മാഞ്ഞു ; അപകടഭീതിയിൽ വിദ്യാർഥികളും യാത്രക്കാരും


മയ്യിൽ :- മയ്യിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുൻവശത്തെ റോഡിലെ സീബ്രാലൈനുകൾ മാഞ്ഞുപോയത് കടുത്ത അപകടഭീഷണിയുയർത്തുന്നു. സ്കൂളിന്റെ പ്രധാന കവാടത്തിന് മുൻവശത്തുകൂടി കടന്നുപോകുന്ന പ്രധാന റോഡിലെ സുരക്ഷാ സംവിധാനങ്ങളാണ് പൂർണമായും ഇല്ലാതായിരിക്കുന്നത്. ​ഒട്ടേറെ വാഹനങ്ങൾ ഇടതടവില്ലാതെയും അതിവേഗത്തിലും കടന്നുപോകുന്ന പാതയാണിത്. നിലവിൽ മയ്യിൽ പോലീസ് സ്റ്റേഷനിലെ ഒരു ഹോംഗാർഡിന്റെ മാത്രം സഹായത്തോടെയാണ് കുട്ടികൾ റോഡ് മുറിച്ചുകടക്കുന്നത്. തിരക്കേറിയ സമയങ്ങളിൽ വാഹനങ്ങളെയും, കുട്ടികളെയും നിയന്ത്രിക്കാനാവത്ത അവസ്ഥയാണ്. വർഷങ്ങൾക്കു മുൻപേ റോഡ് വികസനത്തിന്റെ ഭാഗമായി വരഞ്ഞ സിബ്രലൈനാണ് മാഞ്ഞത്. 

മട്ടന്നൂർ വിമാനത്താവളം, ഇരിട്ടി, തലശേരി, പറശ്ശിനിക്കടവ്, തളിപ്പറമ്പ്, പരിയാരം ഗവ. മെഡിക്കൽ കോളജ്, പയ്യന്നൂർ തുടങ്ങിയ ഒട്ടേറെ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ കടന്നു പോകുന്ന റോഡിൽ സിബ്രാലൈൻ ഇല്ലാത്തത് മാത്രമല്ല പരിസരങ്ങളിൽ സ്കൂൾ സുചിപ്പിക്കുന്ന മുന്നറിയിപ്പ് ബോർഡ് പോലുമില്ലാത്ത അവസ്ഥയാണ്. സ്കൂൾ മതിലിൽ പലയിടങ്ങളിലായി മയ്യിൽ പൊലീസ് സ്ഥാപിച്ച നോപാർക്കിങ് ബോർഡും, സ്കൂളിനു മുൻപിലെ ഓട്ടോടാക്സി സ്റ്റാൻഡ് സൂചിപ്പിക്കുന്ന ഓട്ടോസ്റ്റാൻഡ് എന്ന ബോർഡും മാത്രമേ സ്കൂളിന്റെ ഭാഗത്ത് കാണാനുള്ളു. സ്കൂളിന് സമീപങ്ങളിൽ സ്കൂൾ സൂചിപ്പിക്കുന്ന ബോർഡുകൾ പതിക്കുകയും റോഡിൽ സീബ്രാലൈനും വരയണമെന്നും മയ്യിലെ വിമുക്തഭടൻ രമേശൻ ആവശ്യപ്പെട്ടു. അപകടങ്ങൾ സംഭവിക്കും മുൻപേ റോഡിൽ സീബ്രാലൈൻ വരയുകയും സ്കൂൾ സൂചിപ്പിക്കുന്ന മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണമെന്ന് നാട്ടുകാരും അവശ്യപ്പെടുകയാണ്.






Previous Post Next Post