ഇന്ത്യ - UK വ്യാപാര കരാർ ഇന്ന് മുതൽ പ്രാബല്യത്തിൽ ; ബ്രിട്ടീഷ് ഉത്പന്നങ്ങൾ ഇന്ത്യയിൽ കുറഞ്ഞ വിലയ്ക്ക് ലഭിക്കും


ബ്രിട്ടനിൽ നിന്ന് വരുന്ന സ്കോച്ച് വിസ്കി, ജിൻ, ചോക്ലേറ്റ്, ബിസ്കറ്റ്, കാറുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയ്ക്ക് ഇനി ഇന്ത്യയിൽ വില കുറയും. ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാർ ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്നതോടെയാണിത്. മറുവശത്ത് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് തീരുവയില്ലാതെ ബ്രിട്ടീഷ് വിപണിയിൽ പ്രവേശിക്കാനും കരാർ വഴിയൊരുക്കും. നീണ്ട ചർച്ചകൾക്ക് ശേഷം 2025 ജൂലൈ 24-നാണ് ഇന്ത്യയും യുകെയും ഈ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ചത്.

കരാർ വരുന്നതോടെ ബ്രിട്ടീഷ് സ്കോച്ച് വിസ്കിയുടെയും ജിന്നിന്റെയും ഇറക്കുമതി തീരുവ 150 ശതമാനത്തിൽ നിന്ന് 75 ശതമാനമായി ഒറ്റയടിക്ക് കുറയും. 10 വർഷം കൊണ്ട് ഇത് 40 ശതമാനമായി കുറയാനാണ് സാധ്യത. വാഹനപ്രേമികൾക്കും സന്തോഷിക്കാൻ വകയുണ്ട്. നിലവിൽ 110 ശതമാനം വരെ ഇറക്കുമതി തീരുവയുള്ള ബ്രിട്ടീഷ് കാറുകളുടെ നികുതി 10 വർഷം കൊണ്ട് 10 ശതമാനമായി കുറയും. എന്നാൽ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയെ സംരക്ഷിക്കുന്നതിനായി ബ്രിട്ടീഷ് ഇലക്ട്രിക്-ഹൈബ്രിഡ് വാഹനങ്ങളുടെ ഇറക്കുമതിക്ക് പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ചോക്ലേറ്റുകൾ, ബിസ്ക്കറ്റുകൾ, ശീതളപാനീയങ്ങൾ തുടങ്ങിയവയ്ക്കും വില കുറയും.

ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്കാർക്ക് ബ്രിട്ടീഷ് വിപണിയിൽ വൻ . കുതിപ്പുണ്ടാക്കാൻ കരാർ സഹായിക്കും. 99 ശതമാനം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും നികുതിയില്ലാതെ ബ്രിട്ടനിലേക്ക് കയറ്റുമതി ചെയ്യാം. തുണിത്തരങ്ങൾ, സമുദ്രോൽപ്പന്നങ്ങൾ, തുകൽ, ചെരുപ്പുകൾ, കായിക ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, ആഭരണങ്ങൾ എന്നീ മേഖലകൾക്കാണ് ഇതിൻ്റെ ഏറ്റവും വലിയ ഗുണം ലഭിക്കുക. ഇതിന് പുറമെ എൻജിനീയറിങ് ഉൽപ്പന്നങ്ങൾ, വാഹനങ്ങളുടെ പാർട്‌സുകൾ, ഓർഗാനിക് കെമിക്കലുകൾ എന്നിവയ്ക്കും വലിയ വിപണി ലഭിക്കും.

യുകെയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രൊഫഷണലുകൾക്ക് (പ്രത്യേകിച്ച് ഐടി മേഖലയിലുള്ളവർക്ക്) ഈ കരാർ വലിയ ആശ്വാസമാണ്. 'ഡബിൾ കോൺട്രിബ്യൂഷൻ കൺവെൻഷൻ' ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ ബ്രിട്ടനിലെ സോഷ്യൽ സെക്യൂരിറ്റിയിലേക്ക് ഇന്ത്യക്കാർ നൽകിയിരുന്ന തുക ഒഴിവാകും. പകരം ഈ തുക ഇന്ത്യയിലെ പിഎഫ് അക്കൗണ്ടിലേക്ക് മാറ്റാം. ഇതിലൂടെ പ്രവാസികൾക്ക് തങ്ങളുടെ ശമ്പളത്തിന്റെ 25 ശതമാനത്തോളം ലാഭിക്കാനും, അതിന് പലിശ നേടാനും സാധിക്കും. ഇന്ത്യൻ കർഷകരെയും ചെറുകിട ക്ഷീരകർഷകരെയും ബാധിക്കാതിരിക്കാൻ പാൽ ഉൽപ്പന്നങ്ങൾ, ആപ്പിൾ, ചീസ്, പഞ്ചസാര, അരി, പോർക്ക്, കോഴിയിറച്ചി, മുട്ട തുടങ്ങിയവയെ ഇറക്കുമതി തീരുവ ഇളവുകളിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.

Previous Post Next Post